ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌ക് ഉമടസ്ഥത ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററില്‍ ആരംഭിച്ച കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. ട്വിറ്റര്‍ ഇന്ത്യയിലും ജീവനക്കാരെ പിരിച്ചുവിടുന്നത് ആരംഭിച്ചതായതാണു റിപ്പോര്‍ട്ടുകള്‍. മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് എൻജിനീയറിങ് ടീമുകളിലാണ് പിരിച്ചുവിടൽ.
പബ്ലിക് പോളിസി ടീമിനെയും പിരിച്ചു വിടൽ ബാധിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കുന്നു. ടിറ്റർ ഇന്ത്യയിൽ പിരിച്ചുവിട്ട ജീവനക്കാരുടെ കൃത്യമായ എണ്ണം ഇപ്പോൾ വ്യക്തമല്ല. രാജ്യത്ത് കമ്പനിക്ക് 250-300 ജീവനക്കാരാണുള്ളത്. വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക്, കമ്പനി ലോകമെമ്പാടുമുള്ള ജീവനക്കാർക്ക് അവരുടെ സ്വകാര്യ മെയിൽബോക്സുകളിൽ ഒരു ഇ-മെയിൽ അയച്ചു. സ്ലാക്കും ഇ-മെയിലുകളും ഉൾപ്പെടെയുള്ള ട്വിറ്ററിന്റെ ആന്തരിക സംവിധാനങ്ങളിലേക്കുള്ള ആക്സസ് നഷ്ടപ്പെടുമെന്ന് അറിയിച്ചു.
”പിരിച്ചുവിടല്‍ ആരംഭിച്ചു. എന്റെ ചില സഹപ്രവര്‍ത്തകര്‍ക്ക് ഇതു സംബന്ധിച്ച് ഇമെയില്‍ അറിയിപ്പ് ലഭിച്ചു,”പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ട്വിറ്റര്‍ ഇന്ത്യ ജീവനക്കാരന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
യു എസ് ആസ്ഥാനമായുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ കഴിഞ്ഞയാഴ്ചയാണു ലോകത്തിലെ ഏറ്റവും ധനികനായ ബിസിനസുകാരനായ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. 44 ബില്യണ്‍ യു എസ് ഡോളറിന്റെ ഏറ്റെടുക്കല്‍ പ്രായോഗികമാക്കാനും ചെലവ് ചുരുക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ആഗോളതലത്തില്‍ കൂട്ടപ്പിരിച്ചുവിടലിനു മസ്‌ക് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ ട്വിറ്റര്‍ സി ഇ ഒ പരാഗ് അഗര്‍വാളിനെയും സി എഫ് ഒയെയും മറ്റു ചില ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു.
പിരിച്ചുവിടലുകള്‍ ഇന്ത്യന്‍ ടീമിലെ ഒരു ‘പ്രധാന ഭാഗത്തെ’ ബാധിച്ചതായി മറ്റൊരു ഉറവിടം പറഞ്ഞു. എന്നാല്‍ പിരിച്ചുവിടല്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും നിലവില്‍ ലഭ്യമല്ല. ഇതുസംബന്ധിച്ച ഇമെയില്‍ ചോദ്യങ്ങളോട് ട്വിറ്റര്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നു പി ടി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ട്വിറ്ററിനെ ആരോഗ്യകരമായ പാതയില്‍ സ്ഥാപിക്കാനുള്ള ശ്രമത്തില്‍, ആഗോളതലത്തില്‍ ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള പ്രയാസകരമായ പ്രക്രിയയിലൂടെ വെള്ളിയാഴ്ച നാം കടന്നുപോകും” ജീവനക്കാര്‍ക്ക് ആന്തരിക ഇമെയിലില്‍ ട്വിറ്റര്‍ പറഞ്ഞിരുന്നു. ‘എല്ലാവര്‍ക്കും വ്യക്തിഗത ഇമെയില്‍ ലഭിക്കും’ എന്നും അതില്‍ പറഞ്ഞിരുന്നു.
”ജീവനക്കാരുടെയും ട്വിറ്റര്‍ സംവിധാനങ്ങളുടെയും ഉപഭോക്തൃ വിവരങ്ങളുടെയും സുരക്ഷയ്ക്കായി കമ്പനി എല്ലാ ഓഫീസുകളും താല്‍ക്കാലികമായി അടച്ചിടും. നിങ്ങള്‍ ഓഫീസിലാണെങ്കില്‍ അല്ലെങ്കില്‍ ഓഫീസിലേക്കുള്ള യാത്രയിലാണെങ്കില്‍, ദയവായി വീട്ടിലേക്ക് മടങ്ങുക,”എന്നും ട്വിറ്റര്‍ ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയ ട്വിറ്റര്‍, കമ്പനിയുടെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മാധ്യമങ്ങളിലോ മറ്റെവിടെയെങ്കിലുമോ ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് ജീവനക്കാരെ ഇമെയില്‍ സന്ദേശം വഴി തടഞ്ഞിരിക്കുകയാണ്.