ഒരു ട്വീറ്റിൽ 280 വരെ അക്ഷരങ്ങളും ചിത്രങ്ങളോ അല്ലെങ്കിൽ വീഡിയോയോ ജിഫുകളോ മാത്രമാണ് ട്വീറ്റർ ഇതുവരെ അനുവദിച്ചിരുന്നത്. എന്നാൽ അതിൽ മാറ്റം വരുത്താൻ ട്വീറ്റർ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. നേരത്തെ ഫൊട്ടോയാണെങ്കിൽ അത് മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിൽ നിന്ന് മാറി, അതിനൊപ്പം വീഡിയോയോ, ജിഫോ കൂടി ഉൾപ്പെടുത്താൻ കഴിയുന്ന ഫീച്ചർ അവതരിപ്പിക്കാൻ പോകുകയാണ് കമ്പനി.
ഒരു ട്വീറ്റിൽ തന്നെ ഫൊട്ടോയും വീഡിയോയും ജിഫുകളും ഉൾപ്പെടുത്താനുള്ള ഫീച്ചർ ട്വിറ്റർ ഉൾപ്പെടുത്താൻ പോകുന്നുണ്ടെന്ന് ടിപ്‌സ്റ്റർ അലസ്സാൻഡ്രോ പാലൂസിയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത് സംബന്ധിച്ച ഒരു സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്.
ഫീച്ചർ നിലവിൽ പരീക്ഷണത്തിലാണ്, അതിനാൽ വളരെ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ ഇത് ലഭ്യമാകൂ. ഇതിന് നല്ല സ്വീകാര്യത ലഭിച്ചാൽ , ഒരു അപ്‌ഡേറ്റിലൂടെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും. പക്ഷെ ഒരേ ട്വീറ്റിൽ വ്യത്യസ്ത മീഡിയകൾ ചേർക്കാൻ കഴിയുമെങ്കിലും അതിന്റെ പരിധി പഴയത് പോലെ നാല് തന്നെയാകും.
“ആളുകൾ ട്വിറ്ററിൽ കൂടുതൽ ദൃശ്യ സംഭാഷണങ്ങൾ നടത്തുന്നതായും ഈ സംഭാഷണങ്ങളെ കൂടുതൽ ആവേശകരമാക്കാൻ ചിത്രങ്ങൾ, ജിഫുകൾ, വീഡിയോകൾ എന്നിവ ഉപയോഗിക്കുന്നതായും ഞങ്ങൾ കാണുന്നു. 280 അക്ഷരങ്ങൾക്കപ്പുറം വ്യത്യസ്ത മീഡിയ ഫോർമാറ്റുകൾ ട്വിറ്ററിൽ ആളുകൾ എങ്ങനെ കൂടുതൽ ക്രിയാത്മകമായി സംയോജിപ്പിക്കുന്നുവെന്ന് അറിയാൻ ഇതിലൂടെ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”ട്വിറ്റർ ടെക്ക്രഞ്ചിനോട് പറഞ്ഞു.
ഒന്നിലധികം മീഡിയകൾ, പ്രത്യേകിച്ച് ഫോട്ടോകളും വീഡിയോകളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ മാറ്റം സഹായകമായേക്കും.