ന്യൂഡല്‍ഹി: കഴിഞ്ഞ ഒക്ടോബറില്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയുമായി ട്വിറ്റര്‍. സോഷ്യല്‍ മീഡിയാ സ്ഥാപനമായ ട്വിറ്റര്‍ പത്ത് ശതമാനത്തോളം പേരെ പിരിച്ചുവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.200-ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
മെഷീന്‍ ലേണിംഗ്, സൈറ്റ് വിശ്വാസ്യത എന്നിവയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്റ്റ് മാനേജര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ എന്നി വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ജോലി നഷ്ടമായത്. കഴിഞ്ഞ മാസം മസ്‌ക് പറയുന്നതനുസരിച്ച്, കമ്പനിക്ക് ഏകദേശം 2,300 സജീവ ജീവനക്കാരുണ്ട്. 44 ബില്യണ്‍ ഡോളറിന് കമ്പനിയെ ഏറ്റെടുത്ത മസ്‌കിന്റെ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ട്വിറ്റര്‍ ഏകദേശം 3,700 ജീവനക്കാരെ പിരിച്ചുവിട്ടത്.
ട്വിറ്റര്‍ അടുത്തിടെ ചില ഉള്ളടക്ക സൃഷ്ടാക്കളുമായി പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം പങ്കിടാന്‍ തുടങ്ങിയിരുന്നു. വരുമാനത്തിലെ ഇടിവ് നികത്താന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ശനിയാഴ്ച ഡസന്‍ കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.