ഒക്ടോബര്‍ രണ്ടിന് രാജ്യം ഗാന്ധി ജയന്തി ആഘോഷിക്കുമ്പോള്‍ സ്‌പെഷ്യല്‍ ഗാന്ധി ഇമോജിയുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും. രാഷ്ട്രപിതാവിന്റെ 150ാം ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ മുഖമുള്ള ഇമോജിയുമായി ട്വിറ്റര്‍ എത്തിയിരിക്കുന്നത്. അന്നേദിവസം പ്രവര്‍ത്തിച്ചു തുടങ്ങുന്ന ഈ സ്‌പെഷ്യല്‍ ഇമോജി ഒരാഴ്ച മുഴുവനും ലഭ്യമാകും.

താഴെ പറയുന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഇമോജി പ്രത്യേക്ഷപ്പെടുക. #GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, #गाँधीजयंती, #ગાંધીજયંતિ

മഹാത്മാഗാന്ധിയുടെ കാരിക്കേച്ചറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നീലയും വെള്ളയും നിറങ്ങളിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ ലോഗോയെ പ്രതിനിധീകരിക്കുന്ന നിറങ്ങളാണിത്.

ഇത്തരം പ്രത്യേക സന്ദര്‍ഭങ്ങളിൽ  ഇമോജികള്‍ പരിചയപ്പെടുത്തുന്നത് ആദ്യമായല്ല. ദീപാവലി, ഗണേശ ചതുര്‍ത്ഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, അന്താരാഷ്ട്ര യോഗാ ദിനം, അംബേദ്കര്‍ ജയന്തി തുടങ്ങിയ ആഘോഷവേളകളിലും ട്വിറ്റര്‍ ഇമോജികളുമായി എത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook