സാൻ ഫ്രാൻസിസ്കോ: പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതോടെ പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഇനി കൂടുതൽ എഴുതാം. നേരത്തേ 140 ആയിരുന്ന അക്ഷരങ്ങളുടെ പരിധി 280 ആക്കിയുള്ള പരീക്ഷണമാണ് വിജയമായതോടെ ഈ സൗകര്യം ട്വിറ്റർ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയത്

“കൂടുതൽ വേഗത്തിലും വിശദമായും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും അതുവഴി ട്വിറ്ററിന്റെ സ്വീകാര്യത കൂടുതൽ വർധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്” എന്ന് തങ്ങളുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ ട്വിറ്റർ അധികൃതർ കുറിച്ചു. “ലക്ഷ്യം പൂർത്തീകരിക്കാനായതിൽ വളരെയധികം സന്തോഷമുണ്ട്. എല്ലാ ഭാഷകളിലുമായി ട്വിറ്റർ ഉപയോക്താക്കൾക്കെല്ലാം ഈ സൗകര്യം ലഭ്യമാക്കും”, ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

“അക്ഷര പരിധി വർധിപ്പിച്ച് പരീക്ഷണം നടത്തിയ ആദ്യ ദിവസങ്ങളിൽ ഉപയോക്താക്കൾ 280 എന്ന പരിധി ഉപയോഗിച്ചിരുന്നെങ്കിലും വളരെ വേഗം അവർ 140 ലേക്ക് തന്നെ തിരികെ പോയി. പരമാവധി 140 ക്യാരക്ടർ മാത്രമേ പിന്നീട് അവർ ഉപയോഗിച്ചുള്ളൂ. കൂടുതൽ വിശദീകരിച്ച് എഴുതേണ്ടി വരുമ്പോൾ ഉപയോക്താക്കൾക്ക് ട്വിറ്ററിലെ ഈ മാറ്റം ഗുണകരമാകും”, ട്വിറ്ററിന്റെ പ്രൊഡക്ട് മാനേജറായ അലിസ റോസൻ പറഞ്ഞു.

ജാപ്പനീസ്, കൊറിയൻ, ചൈനീസ് ഭാഷകളിൽ 140 എന്ന പരിധി ഇനിയും തുടരും. ഈ ഭാഷകളിലെ ഉപയോക്താക്കളുടെ ട്വീറ്റുകളിൽ 0.4 ശതമാനം ട്വീറ്റുകൾ മാത്രമാണ് 140 ൽ അധികം ക്യാരക്ടറുകൾ ഉള്ളത്. ഇംഗ്ലീഷ് ഭാഷാ ട്വീറ്റുകളിൽ 9 ശതമാനം 140 ൽ അധികം ക്യാരക്ടറുകൾ ഉപയോഗിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ