ട്വിറ്റർ ഇൻകോർപറേറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജാക്ക് ഡോർസി രാജി പ്രഖ്യാപിച്ചു. ട്വിറ്റർ സിഇഒ സ്ഥാനത്തു നിന്ന് രാജിവെക്കുമെന്നും ചീഫ് ടെക്നോളജി ഓഫീസർ പരാഗ് അഗർവാൾ തന്റെ പിൻഗാമിയാകുമെന്നും ജാക്ക് ഡോർസി തിങ്കളാഴ്ച അറിയിച്ചു.
“ജാക്കിനും ഞങ്ങളുടെ മുഴുവൻ ടീമിനും അഗാധമായ നന്ദി, ഭാവിയെക്കുറിച്ചോർത്ത് വളരെയധികം ആവേശം,” ഐഐടി-ബോംബെ പൂർവ വിദ്യാർത്ഥിയായ അഗർവാൾ ഒരു കുറിപ്പിനൊപ്പം ഒരു ട്വീറ്റിൽ പറഞ്ഞു.
“ലോകം ഇപ്പോൾ നമ്മെ നിരീക്ഷിക്കുന്നു, മുമ്പത്തേതിലും കൂടുതൽ. ഇന്നത്തെ വാർത്തയെക്കുറിച്ച് ധാരാളം ആളുകൾക്ക് വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളും ഉണ്ടാകും. അവർ ട്വിറ്ററിനെക്കുറിച്ചും നമ്മുടെ ഭാവിയെക്കുറിച്ചും ശ്രദ്ധിക്കുന്നതിനാലാണിത്, ഞങ്ങൾ ഇവിടെ ചെയ്യുന്ന ജോലി പ്രധാനമാണ്, ”അഗർവാൾ ഡോർസിക്ക് നൽകിയ മറുപടിക്കുറിപ്പിൽ പറഞ്ഞു.
സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റിലെ തന്റെ സിഇഒ ജോലിയുടെ അവസാനമാണ് ഡോർസിയുടെ വിടവാങ്ങൽ സൂചിപ്പിക്കുന്നത്. ഫേസ്ബുക്കിനെയും ടിക്ടോക്കിനെ പോലുള്ള പുതിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളെയും പോലുള്ള വലിയ എതിരാളികൾക്ക് പിന്നിലാവുന്നുവെന്ന വിമർശനം ട്വിറ്റർ ഏറ്റുവാങ്ങിയതിന് പിറകെ പുതിയ സേവനങ്ങളും ഉൽപന്നങ്ങളും പ്രഖ്യാപിച്ച് കമ്പനി പുതിയ വേഗം തേടുന്ന സമയത്താണ് ഡോർസി പിരിയുന്നത്.
തന്റെ പിൻഗാമിയെക്കുറിച്ച് ആത്മവിശ്വാസം തോന്നിയതിനാൽ ഡോർസി ഇപ്പോൾ സ്ഥാനമൊഴിയുകയാണെന്നും അദ്ദേഹം തന്റെ പേയ്മെന്റ് പ്രോസസ്സിംഗ് സ്ഥാപനമായ സ്ക്വയർ ഇങ്കിലും ജീവകാരുണ്യപ്രവർത്തനം ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് ഡോർസിയോട് അടുപ്പമുള്ളവർ പറയുന്നത്.
Also Read: ഒമിക്രോൺ വകഭേദത്തെ വാക്സിനുകൾ തടയുമോ? കൂടുതൽ ഗവേഷണങ്ങളിലേക്ക് കടന്ന് ശാസ്ത്രജ്ഞർ
കമ്പനിയുടെ ബോർഡ് കഴിഞ്ഞ വർഷം മുതൽ ഡോർസിയുടെ വിടവാങ്ങലിന് തയ്യാറെടുക്കുകയായിരുന്നെന്നും അവർ അറിയിച്ചു.
പുതിയ സംഭവവികാസത്തിന് ശേഷം ട്വിറ്ററിന്റെ ഓഹരികൾ ഒമ്പത് ശതമാനം ഉയർന്നു, അതേസമയം ഡോർസി ചീഫ് എക്സിക്യൂട്ടീവ് കൂടിയായ ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനമായ സ്ക്വയർ ഇങ്കിന്റെ ഓഹരികൾ മൂന്ന് ശതമാനം ഉയർന്നു.
2006-ൽ ട്വിറ്ററിന്റെ സഹസ്ഥാപകനായ ഡോർസി അടുത്ത വർഷം സിഇഒ ആയി സ്ഥാനമേൽക്കുകയായിരുന്നു.
2008-ൽ, സഹസ്ഥാപകൻ എവ് വില്യംസും ബോർഡ് അംഗം ഫ്രെഡ് വിൽസണും ഡോർസിയെ പുറത്താക്കി, സോഷ്യൽ മീഡിയ സൈറ്റിന് ഉപയോക്താക്കളുടെ ആവിർഭാവം വർദ്ധിക്കുകയും കമ്പനിയെ നയിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് അവർ വിലയിരുത്തുകയുകം ചെയ്തിരുന്നു.
Also Read: പെഗാസസ്: സാങ്കേതിക പരിശോധനയ്ക്കായി ഡിവൈസുകൾ സമർപ്പിക്കാൻ നിർദേശിച്ച് വിദഗ്ധ സമിതി
എന്നാൽ വർഷങ്ങളോളം തുടർന്ന മുരടിച്ച വളർച്ചയ്ക്കും ഓഹരി വില ഇടിഞ്ഞതിനും ശേഷം, 2015-ൽ ഡോർസി സിഇഒ ആയി തിരിച്ചെത്തി. അതേ സമയം ഡോർസി സ്ക്വയറിന്റെ പ്രവർത്തനങ്ങളുമായും മുന്നോട്ട് പോകുന്നുണ്ടായിരുന്നു.
പെയ്മെന്റ് സ്ഥാപനമായ സ്ക്വയർ ഇൻകോർപറേറ്റഡ് കൂടി നടത്തുന്നതിനാൽ ട്വിറ്ററിന് കുറവ് പ്രാധാന്യം മാത്രമാണ് ഡോർസി നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് മേൽ സ്ഥാനമൊഴിയുന്നതിനുള്ള സമ്മർദ്ദം 2020ന്റെ തുടക്കത്തിൽ തന്നെ വന്നിരുന്നു.