ന്യൂഡല്‍ഹി: വ്യാജ കോളുകളെ തിരിച്ചറിയുന്നതിന് സര്‍ക്കാര്‍ മേഖലയിലെ നമ്പറുകള്‍ അടങ്ങുന്ന ഡിജിറ്റല്‍ ഡയറക്ടറി പുറത്തിറക്കി ട്രൂകോളര്‍. തട്ടിപ്പുകാരെ തിരിച്ചറിയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിങ്ങളുടെ ഫോണിലേക്ക് വിളിക്കുന്ന വ്യക്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണോ തട്ടിപ്പുകാരാണോയെന്ന് ഇനിമുതല്‍ തിരിച്ചറിയാനാകും.
പുതിയ ഫീച്ചര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ പൗരന്മാരെ സഹായിക്കും, കൂടാതെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള നമ്പറുകളും ഉള്‍പ്പെടുന്നു. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 20 കേന്ദ്ര മന്ത്രാലയങ്ങളുടെ നമ്പറുകള്‍ ഇന്‍-ആപ്പ് ഗവണ്മെന്റ് ഡയറക്ടറിയില്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നും നേരിട്ട് എടുത്ത വിവരങ്ങളാണിത്. വിവിധ വകുപ്പുകളിലും സംസ്ഥാനങ്ങളിലും പുതിയ നമ്പറുകള്‍ ഉപയോഗിച്ച് ഡയറക്ടറി വിപുലീകരിക്കുമെന്നും ട്രൂകോളര്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍, ജില്ലാ, മുനിസിപ്പല്‍ തലത്തിലുള്ള കോണ്ടാക്റ്റുകള് ചേര്‍ക്കാനും കമ്പനി പദ്ധതിയിടുന്നു, ഇത് മറുവശത്തുള്ള വ്യക്തി ശരിക്കും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണോ അതോ തട്ടിപ്പ്കാരനാണോ അല്ലെങ്കില്‍ സ്പാം കോളാണോയെന്ന് തിരിച്ചറിയാന്‍ പൗരന്മാരെ സഹായിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ഉപയോക്താവ് നീല ടിക്കോടുകൂടിയ പച്ച പശ്ചാത്തലം കാണും, അതായത് നമ്പര്‍ പരിശോധിച്ചുറപ്പിച്ചു എന്നാണ് മനസിലാക്കേണ്ടത്.
പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, ഏതെങ്കിലും സഹായത്തിനോ അന്വേഷണത്തിനോ ഒരാള്‍ക്ക് പ്രാദേശിക അധികാരികളെ എളുപ്പത്തില്‍ ബന്ധപ്പെടാം. നിലവില്‍, ഇത് ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ ലഭ്യമാണ്, എന്നാല്‍ ഇത് ആപ്പിളിന്റെ ഐഒഎസിലേക്ക് എപ്പോള്‍ വരുമെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. സമീപകാലത്ത് ട്രൂകോളര്‍ ആപ്പിലേക്ക് അടിയന്തിര സന്ദേശങ്ങള്‍, പങ്കിടാവുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍, സ്മാര്‍ട്ട് എസ്എംഎസ് എന്നിങ്ങനെയുള്ള പുതിയ സവിശേഷതകള്‍ ചേര്‍ത്തിരുന്നു.