ട്രായ്യുടെ പുതിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ടാറ്റ സ്കൈ വ്യക്തിഗത ചാനലുകൾക്കും പ്രത്യേക ജോഡികളായി തിരഞ്ഞെടുക്കാൻ കഴിയുന്ന ചാനലുകൾക്കുമുള്ള വിലവിവര പട്ടിക പുറത്തു വിട്ടു. ട്രായ്യുടെ പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ടാറ്റ സ്കൈ ഇതുവരെ വിലവിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. എന്നാൽ പുതിയ നിരക്കുകൾ 2019 ഫെബ്രുവരി ഒന്നോടുകൂടി പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഇത്തരം ഒരു നീക്കം.
ഉപഭോക്താക്കളുടെ കേബിൾ ടിവി ബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രായ് നടപ്പാക്കിയ പുതിയ നയത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ടാറ്റ സ്കൈ, സൺ ഡയറക്ട് ടിവി, എയർടെൽ ടിവി ഉടമസ്ഥരായ ഭാരതി ടെലിമിഡിയ ലിമിറ്റഡ് എന്നിവർ ചേർന്ന് നൽകിയ പരാതി നിലനിൽക്കുന്നുണ്ട്. 2019 ജനുവരി 28 നായിരിക്കും കേസിന്റെ അന്തിമ വിചാരണ നടക്കുക. അതേസമയം, ബാക്കി എല്ലാ ചാനൽ ഓപ്പറേറ്റർമാരും വിലവിവരങ്ങൾ നൽകിയപ്പോഴും ടാറ്റ സ്കൈ ഇതുസംബന്ധിച്ച വിവരം നൽകിയിരുന്നില്ല.
ടാറ്റ സ്കൈയുടെ നിരുത്തരവാദപരമായ സമീപനത്തെ ട്രായ് വിമർശിച്ചു. ഇതുസംബന്ധിച്ച് ടാറ്റ സ്കൈയ്ക്ക് കഴിഞ്ഞ ആഴ്ച ട്രായ് കത്തയച്ചു. ഇഷ്ടമുള്ള ചാനലുകൾ തിരഞ്ഞെടുക്കാനുളള സംവിധാനം ലഭിക്കുന്നില്ലെന്ന് കാണിച്ച് ടാറ്റ സ്കൈയുടെ വരിക്കാരിൽ നിന്നും ട്രായിലേക്ക് നിരവധി നിവേദനങ്ങൾ ലഭിക്കുന്നുവെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പുതിയ വ്യവസ്ഥ പ്രകാരം നടപ്പിലാക്കിയ മാറ്റങ്ങളുടെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും ടാറ്റാ സ്കൈയോട് ട്രായ് ആവശ്യപ്പെട്ടു.
ട്രായ്യുടെ പുതിയ ചട്ടപ്രകാരം ടാറ്റ സ്കൈ ഉപഭോക്താക്കൾക്ക് എങ്ങനെ ചാനലുകൾ തിരഞ്ഞെടുക്കാം
ടാറ്റ സ്കൈ ഉപഭോക്താക്കൾ ടാറ്റാ സ്കൈയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ പുതിയ ചാനലുകൾ തിരഞ്ഞെടുക്കാനായി ഒരു വലിയ ബാനർ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
സ്ബസ്ക്രൈബർ ഐഡി ഉപയോഗിച്ചോ മൊബൈൽ നമ്പർ ഉപയോഗിച്ചോ ഉപയോക്താക്കൾക്ക് വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യാം. ടാറ്റ സ്കൈ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടാവണം. ലോഗിൻ ചെയ്യാൻ വേണ്ടി ഒടിപി ആവശ്യമാണ്.
ലോഗിൻ ചെയ്തതിനു ശേഷം ഉപയോക്താക്കൾക്ക് മൂന്ന് ഓപ്ഷൻ ലഭിക്കും. ഉപയോക്താക്കളുടെ നിലവിലുള്ള ചാനലുകളുടെയും ബില്ലിന്റെയും അടിസ്ഥാനത്തിലുള്ള പാക്ക്, ടാറ്റ സ്കൈ പാക്ക്, മുഴുവൻ പാക്കുകളും ചാനലുകളും.
ഉപഭോക്താക്കളുടെ ചാനൽ ഉപയോഗം പ്രകാരം ടാറ്റ സ്കൈ ശുപാർശ ചെയുന്ന ചാനലുകൾക്കു പുതിയ നിരക്ക് കാണാം. ഉദാഹരണത്തിന് 500 രൂപ മൂല്യമുള്ള HD സ്പോർട്സ് ചാനലുകളും, NCF അഥവാ നെറ്റ്വർക്ക് കപ്പാസിറ്റി ഫീസ് 245 രൂപ മൂല്യം വരുന്ന ഒരു പാക്കിന് ഓരോ മാസവും 745 രൂപയാണ് പുതിയ നിയമപ്രകാരം ആകുന്നത്. ഈ പാക്കിൽ 71 SD ചാനലുകളും 57 HD ചാനലുകളും ഉൾപ്പെടും.
ട്രായ്യുടെ പുതിയ ചട്ടപ്രകാരം പ്രതിമാസം 745 രൂപ വലിയൊരു തുകയായി തോന്നുമെങ്കിലും ഇതേ പാക്കിന് നിലവിൽ നൽകിവരുന്ന തുകയുടെ പകുതിയെ ആകുന്നുള്ളൂ. കൂടാതെ 745 എന്നത് നികുതി ഉൾപ്പെടെ നൽകുന്ന തുകയാണ്. ഉപഭോക്താക്കൾ ഇത് തന്നെ തിരഞ്ഞെടുക്കണം എന്നില്ല എന്നുള്ളതാണ് മറ്റൊരു ഗുണം.
ഒരു പാക്കുകളും ഇഷ്ടമായില്ലെങ്കിൽ ഉപഭോക്താവിന് എല്ലാ ചാനലുകളും അടങ്ങിയ പാക്ക് തിരഞ്ഞെടുത്തതിന് ശേഷം അതിൽ നിന്നും കാണാൻ ആഗ്രഹിക്കുന്ന നൂറ് ചാനലുകൾ മാത്രം തിരഞ്ഞെടുത്ത് നൽകാം. ദീർഘകാല പാക്കേജുകൾ തിരഞ്ഞെടുത്ത ഉപയോക്താവിനായി ടാറ്റ സ്കൈ ഈ രീതി വിശദീകരിക്കുന്നുണ്ട്. 2019 ഫെബ്രുവരി ഒന്നോടുകൂടി ദീർഘകാല പാക്കേജുകൾ തിരഞ്ഞെടുത്തിരുന്ന ഉപയോക്താക്കളെ അവർ തിരഞ്ഞെടുക്കുന്ന ഓരോ മാസത്തേയും പാക്കേജുകളിലേക്ക് മാറ്റി ക്രെഡിറ്റായി വരുന്ന തുക ടാറ്റ സ്കൈ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്.
എല്ലാ ചാനലുകളും ഉൾപ്പെടുന്ന പാക്കേജിൽ ഓരോ ചാനലിന്റെയും വില വ്യക്തമാക്കിയിട്ടുള്ളത് കൂടാതെ ചില ചാനലുകൾ ഒരുമിച്ച് തിരഞ്ഞെടുക്കുമ്പോൾ എത്ര തുകയാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെനുവിലും ഓരോ ചാനലിന്റെ തുക ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് താൽപര്യമുള്ള നൂറു ചാനലുകൾ തിരഞ്ഞെടുക്കുക്കാം. നികുതി ഉൾപ്പെടുത്തികൊണ്ടുള്ള വിലയാണ് ടാറ്റാ സ്കൈ കാണിക്കുന്നത്. നെറ്റ്വർക്ക് കപ്പാസിറ്റി ഫീസ് തിരഞ്ഞെടുക്കുന്ന ചാനലുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈടാക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.