ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് രംഗത്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ടായി) പുതിയ ചട്ടം പാസാക്കിയിരുന്നു. പുതിയ നിയമം 2019 ഫെബ്രുവരി ഒന്നിനാണ് നിലവിൽ വരുന്നത്. ഇതിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രതിമാസ ബിൽ എത്രയാണെന്ന് അറിയുന്നതിനും പുതിയ മാറ്റങ്ങൾ മനസിലാക്കുന്നതിനും ചാനൽ സെലക്ടർ ആപ്ലിക്കേഷനും ട്രായി പുറത്തിറക്കിയിരുന്നു.

ചാനൽ സെലക്ടർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നൂറിലധികം ചാനലുകൾ കേബിൾ ടിവിയിൽ നിന്നോ ഡിടിഎച്ചിൽ നിന്നോ തിരഞ്ഞെടുക്കാം. കമ്പനികൾ നൽകുന്ന ചാനൽ പാക്കേജുകളിൽ നിന്ന് വിപരീതമായി ഉപഭോക്താക്കൾക്ക് അവശ്യമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുക്കാൻ പുതിയ ചട്ടപ്രകാരം സാധിക്കും.

ചാനൽ സെലക്ടർ ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് അവരുടെ പേര്, സംസ്ഥാനം, ഭാഷ, താത്പര്യമുള്ള ചാനൽ എന്നിവ നൽകി ചാനലുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ നൂറ് ചാനലുകളുടെ പാക്കേജ് നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. എച്ച്ഡി, എസ്ഡി ചാനലുകൾ തിരഞ്ഞെടുക്കാമെങ്കിലും ഒരു എച്ച്ഡി ചാനൽ ഉപഭോക്താവിന്റെ പാക്കേജിൽ രണ്ട് എസ്ഡി ചാനലുകളായിട്ടാകും കൂട്ടുക.

ഓരോ ചാനലുകൾ തിരഞ്ഞെടുക്കുമ്പോഴും അതിന്റെ വിലവിവരവും സ്ക്രീനിൽ ടോപ് ബാറിൽ കാണാവുന്നതാണ്. നിങ്ങൾ ഒരു ഫ്രീ ചാനലാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അത് നിങ്ങളുടെ മിനിമം കേബിൾ ചാർജായ 130 രൂപയിൽ കാര്യമായ മാറ്റം വരുത്തില്ല. അതേസമയം, ഓരോ പേ ചാനലിനും അതിന്റെ തുക കൂടുതലായി നൽകേണ്ടി വരും.

പെയ്ഡ് ചാനലുകളുടെയും ഫ്രീ ചാനലുകളുടെയും ഒരു പട്ടിക ആപ്ലിക്കേഷനിൽ ലഭ്യമാകും. ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഈ പട്ടിക ഡൗൺലോഡ് ചെയ്യാനും സാധിക്കും.

പുതിയ നിയമപ്രകാരം 2019 ഫെബ്രുവരി 1 മുതൽ കേബിൾ-ഡിടിഎച്ച് കമ്പനികൾ നൽകുന്ന ബില്ലിന് രണ്ട് ഭാഗങ്ങൾ ഉണ്ടാകും. നെറ്റ്‍വർക്ക് കപ്പാസിറ്റി ഫീ ആയ 130 രൂപയും ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന പെയ്ഡ് ചാനലുകളുടെ തുകയുമാണ് ബില്ലിൽ ഉണ്ടാവുക. ഇതിന് പുറമെ പെയ്ഡ് ചാനലുകൾക്ക് 18 ശതമാനം ജിഎസ്ടിയും ഉപഭോക്താക്കൾ നൽകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook