scorecardresearch

പുതുവർഷത്തിൽ ചാനൽ നിരക്കുകൾ കുറച്ച് ട്രായ്

പുതിയ വ്യവസ്ഥകൾ 2020 മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും

TRAI, ട്രായ്, DTH rules, ചാനൽ നിരക്കുകൾ, ഡിടിഎച്ച്, iemalayalam

ന്യൂഡൽഹി: 2019 ഫെബ്രുവരിയിൽ അവതരിപ്പിച്ചതും നടപ്പിലാക്കിയതുമായ പുതിയ ഡി‌ടി‌എച്ച് നിയമങ്ങളിൽ ഭേദഗതി വരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ട്രായ് ഫ്രീ-ടു-എയർ ചാനലുകളുടെ എണ്ണം വർധിപ്പിക്കുകയും ബൊക്കെ പേ ചാനലുകളുടെ നിരക്ക് കുറയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിൽ നടപ്പാക്കിയ പരിഷ്കരണത്തെ തുടർന്ന് ഗ്രാമപ്രദേശങ്ങളിലും മറ്റുമുള്ള ഉപഭോക്താക്കളുടെ മാസവരിസംഖ്യ കുത്തനെ കൂടിയിരുന്നു. ഇതേത്തുടർന്നുണ്ടായ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ട്രായ്‌യുടെ പുതിയ നടപടി.

നേരത്തെ 130 രൂപയുടെ നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസിൽ ലഭ്യമായ സൗജന്യ ചാനലുകളുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ അത് 200 ആയി ഉയർത്തിയിട്ടുണ്ട്. ഈ പുതിയ വ്യവസ്ഥകൾ 2020 മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

Read Also: വാട്‌സ്ആപ്പ് ഉൾപ്പടെയുള്ള പ്ലാറ്റ് ഫോമുകളിൽ നിയമപരമായ ഇടപെടലിനു ട്രായ്

നേരത്തെ ഡി‌ടി‌എച്ച്, കേബിൾ ദാതാക്കൾ‌ക്ക് സൗജന്യമായ 100 ചാനലുകൾ കാണാനായി നികുതി ഉൾപ്പടെ 154 രൂപ നൽകണമായിരുന്നു. പുതിയ പരിഷ്കരണത്തിലൂടെ 154 രൂപയ്ക്ക് 200 ചാനലുകൾ ലഭിക്കും. മുമ്പ് ഒരു ഉപഭോക്താവിന് 100 ൽ കൂടുതൽ ചാനലുകൾ വേണമെങ്കിൽ, അടുത്ത 25 എസ്ഡി ചാനലുകളുടെ സ്ലോട്ടിൽ 20 രൂപ അധിക എൻ‌സി‌എഫ് ചാർജായി നൽകണമായിരുന്നു.

ഒരു വീട്ടിൽ രണ്ട് കണക്ഷൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ രണ്ടാമത്തെ നെറ്റ്‌വർക്കിന് കപ്പാസിറ്റി നിരക്കിന്റെ 40 ശതമാനം മാത്രമേ ഈടാക്കാൻ പാടുള്ളൂ. അതോടൊപ്പം ആറുമാസത്തേക്കോ അതിൽ അധികമോ കാലത്തേക്ക് ഒന്നിച്ച് വരിസംഖ്യ അടയ്ക്കുന്നവർക്ക് നിരക്കിൽ കിഴിവുകൾ നൽകാനും പുതിയ പരിഷ്കരണത്തിൽ ട്രായ് അനുവദിക്കുന്നു.

ബൊക്കെ പായ്ക്കിൽ വരുന്ന പേ ചാനലുകളുടെ പരമാവധി നിരക്ക് 12 രൂപയിൽ കൂടാൻ പാടില്ലെന്നും ട്രായ് ചൂണ്ടിക്കാട്ടുന്നു. ബൊക്കെയിൽ നൽകുന്ന സ്‌പോർട്സ് ചാനലുകൾക്കും മറ്റും ഈടാക്കുന്ന ഉയർന്ന നിരക്ക് തടയാനാണ് ഈ ശ്രമം.

2020 ജനുവരി 15 നകം പ്രക്ഷേപകർ തങ്ങളുടെ വെബ്‌സൈറ്റിൽ അ-ലാ കാർട്ടെ ചാനലുകളുടെയും ബൊക്കെ പായ്ക്കിന്റെയും പുതുക്കിയ താരിഫ് പ്രസിദ്ധീകരിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Trai new dth rules will ensure more channels at lower price