ന്യൂഡല്‍ഹി: ഫോണ്‍വിളി മുറിയല്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫോണ്‍വിളി മുറിഞ്ഞാല്‍ ടെലികോം കമ്പനികള്‍ 10 ലക്ഷം രൂപ വരെ പിഴ അടക്കേണ്ടി വരുമെന്ന് ട്രായ് അറിയിച്ചു. ടവറുകള്‍ നിരീക്ഷിച്ച് ഫോണ്‍വിളി മുറിയല്‍ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തി ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ ഈടാക്കുക.
ഒരു നെറ്റ്വര്‍ക്കിന്റെ പ്രകടനം വിലയിരുത്തി 1 മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ആദ്യപടി പിഴ ഈടാക്കുകയെന്ന് ട്രായ് ചെയര്മാന് ആര്‍എസ് ശര്‍മ്മ വ്യക്തമാക്കി. നിശ്ചിത സമയം നല്‍കിയിട്ടും ഫോണ്‍വിളി മുറിയുന്ന പ്രശ്നമുണ്ടായാല്‍ പിഴ 1.5 മടങ്ങ് വര്‍ദ്ധിക്കുമെന്നും മൂന്നാം തവണയും ഇത് ആവര്‍ത്തിച്ചാല്‍ പിഴ ഇതിന്റേയും ഇരട്ടി ആകും. അതായത് ഇത് 10 ലക്ഷം രൂപ വരെയാകാമെന്നും ട്രായ് സെക്രട്ടറി എസ്കെ ഗുപ്ത പറഞ്ഞു.
നിലവില്‍ സേവനങ്ങളുടെ ഗുണനിലവാര നിയമപ്രകാരം ഫോണ്‍വിളി മുറിയുന്ന സംഭവമുണ്ടായാല്‍ ഒരു ലക്ഷം രൂപ മാത്രമാണ് പിഴയായി അടക്കേണ്ടത്. മൂന്നാം തവണയും പ്രശ്നം ആവര്‍ത്തിച്ചാല്‍ പിഴ രണ്ട് ലക്ഷമാകും. എന്നാല്‍ പുതിയ നിയമ ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരുമെന്നും ട്രായ് അറിയിച്ചു.
മൊബൈല്‍ ടവറുകള്‍ പണിമുടക്കുന്നതും, ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍ കാരണമുളള സിഗ്നല്‍ ഇല്ലായ്മയും ഫോണ്‍വിളിയുടെ ഗുണനിലവാരത്തെ പ്രതീകൂലമായി ബാധിക്കുന്നുണ്ട്. നേരത്തേയുണ്ടായ വ്യവസ്ഥകള്‍ പ്രകാരം ടെലികോം കമ്പനികള്‍ പരിഹാരം കാണാത്തത് കൊണ്ടാണ് നിയമം കര്‍ശനമാക്കുന്നതെന്ന് ട്രായ് അറിയിച്ചു.