ന്യൂഡൽഹി: ഇന്ത്യയിൽ ഡിടിഎച്ച് വരിക്കാരുടെ എണ്ണത്തിൽ വർധനവ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സജീവ വരിക്കാരുടെ എണ്ണം 69.30 ദശലക്ഷമാണെന്നാണ് പുതിയ കണക്കുകൾ. ജൂണിൽ 68.92 ദശലക്ഷം വരിക്കാരാണുണ്ടായിരുന്നത്.
2003 മുതൽ ഇന്ത്യയിൽ ഡിടിഎച്ച് സേവനം ആരംഭിച്ചതു മുതൽ മികച്ച വളർച്ചയാണ് ഈ മേഖല കൈവരിച്ചിരിക്കുന്നതെന്നാണു ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
വിപണിയിൽ 31.61 ശതമാനം ഓഹരിയുള്ള ടാറ്റ സ്കൈ ഡിടിഎച്ചിനാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. 31.23 ശതമാനവുമായി ഡിഷ് ടിവി രണ്ടാം സ്ഥാനത്തും. 23.39 ശതമാനം വിപണി വിഹിതവുമായി എയർടെൽ മൂന്നാമതാണ്. സൺ ഡയറക്റ്റിന് 13.78 ശതമാനം വരിക്കാരാണുള്ളത്.
ജൂൺ മുതൽ ഡിടിഎച്ച് സജീവ വരിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും 2019 മാർച്ച് അവസാന പാദത്തിലാണ് ഏറ്റവും ഉയർച്ച ഉണ്ടായിരിക്കുന്നത്.
Read Also: പുതുവർഷത്തിൽ ചാനൽ നിരക്കുകൾ കുറച്ച് ട്രായ്
കേബിൾ ടിവി മേഖലയെ സംബന്ധിച്ചിടത്തോളം 2019 സെപ്റ്റംബർ 30ലെ കണക്കുകൾ അനുസരിച്ച് സിറ്റി നെറ്റ്വർക്കിനാണ് ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. 9.1 ദശലക്ഷം വരിക്കാരാണ് ഇവർക്കുള്ളത്. ജിടിപിഎൽ ഹാത്ത്വേ, ഹാത്ത്വേ ഡിജിറ്റൽ എന്നിവയ്ക്ക് യഥാക്രമം 5.34 ദശലക്ഷവും 5.31 ദശലക്ഷം വരിക്കാരുമുണ്ട്. ഡെൻ നെറ്റ്വർക്കിന് 4.3 ദശലക്ഷം വരിക്കാരുമാണുള്ളത്.
അതേസമയം 2019 ഫെബ്രുവരിയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതുമായ പുതിയ ഡിടിഎച്ച് നിയമങ്ങളിൽ ട്രായ് ഭേദഗതി വരുത്തിയിരുന്നു. ട്രായ് ഫ്രീ-ടു-എയർ ചാനലുകളുടെ എണ്ണം വർധിപ്പിക്കുകയും ബൊക്കെ പേ ചാനലുകളുടെ നിരക്ക് കുറയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടപ്പാക്കിയ പരിഷ്കാരത്തെത്തുടർന്ന് ഗ്രാമപ്രദേശങ്ങളിലും മറ്റുമുള്ള ഉപഭോക്താക്കളുടെ മാസവരിസംഖ്യ കുത്തനെ കൂടിയിരുന്നു. ഇതേത്തുടർന്നുണ്ടായ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ പുതിയ നടപടി.
നേരത്തെ 130 രൂപയുടെ നെറ്റ്വർക്ക് കപ്പാസിറ്റി ഫീസിൽ ലഭ്യമായ സൗജന്യ ചാനലുകളുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ അത് ഇരുന്നൂറായി ഉയർത്തിയിട്ടുണ്ട്. ഈ പുതിയ വ്യവസ്ഥകൾ 2020 മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.