/indian-express-malayalam/media/media_files/uploads/2019/04/skype.jpg)
സാങ്കേതികവിദ്യയുടെ വളർച്ചയിൽ പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു വിദൂര സ്ഥലങ്ങളിൽ ഉള്ളവരെ നമ്മുടെ മുന്നിലുള്ള സ്ക്രീനിൽ കണ്ട് സംസാരിക്കാൻ സാധിക്കുന്ന വീഡിയോ കോളിങ് അഥവ വീഡിയോ കോൺഫറൻസിങ് സംവിധാനം. വീഡിയോ കോളിങ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ഓടിവരിക സ്കൈപ് എന്നാകും. ഒരു കാലത്ത് വീഡിയോ കോളിങ്ങിന്റെ തന്നെ പര്യായമായി കണ്ടിരുന്ന സ്കൈപ് എന്നാൽ ഇപ്പോൾ വലിയ മത്സരമാണ് ഈ രംഗത്ത് നേരിടുന്നത്.
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിൾ ഡുവോ എന്നിങ്ങനെ വിവിധ സമൂഹമാധ്യമങ്ങളും ചാറ്റിങ് ആപ്ലിക്കേഷനുകളും വീഡിയോ കോളിങ് സംവിധാനം ഒരുക്കി. ഇതിന് പുറമെ നിരവധി ആപ്ലിക്കേഷനുകളും സ്കൈപ്പിന് വെല്ലുവിളി ഉയർത്തി വീഡിയോ കോളിങ് അവസരം ഒരുക്കി.
ഗൂഗിൾ ഹാങ്ഔട്ട്സ്
ഗൂഗിളിന്റെ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമാണ് ഗൂഗിൾ ഹാങ്ഔട്ട്സ്. 2013 മേയിലാണ് ഗൂഗിൾ ഹാങ്ഔട്ട്സ് അവതരിപ്പിക്കുന്നത്. എച്ച്ഡി വീഡിയോ കോളിങ്ങിന് പുറമെ ഇൻസ്റ്റന്റ് മെസേജും ഗ്രൂപ്പ് ചാറ്റും ഹാങ്ഔട്ട്സിൽ ചെയ്യാം. സ്വന്തമായി ജി മെയിൽ ഉപയോഗിക്കുന്നവർക്കും ഗൂഗിളിന്റെ ജി സ്യൂട്ട് ഉപയോഗിക്കുന്ന കമ്പനികൾക്കും ഏറെ ഗുണകരമാകുന്നതാണ് ഈ ഹാങ്ഔട്ട്സ്.
സൗജന്യമായി ഉപയോഗിക്കാമെന്ന് മാത്രമല്ല ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദവുമാണ് ഹാങ്ഔട്ട്സ്. വീഡിയോ കോളിങ്ങിൽ തന്നെ സ്ക്രീൻ ഷെയർ ചെയ്യുന്നതിനും ഇതിൽ സാധിക്കും. ജി സ്യൂട്ട് ഉപയോഗിച്ച് 100 ആളുകളുമായി വരെ ഒരേ സമയം ഒത്തുചേരാനും ഗൂഗിൾ ഹാങ്ഔട്ട്സിൽ സാധിക്കും.
സൂം
വീഡിയോ കോൺഫറൻസിങ് ടൂളായി 2011ലാണ് സൂം ഡിജിറ്റൽ ലോകത്ത് എത്തുന്നത്. വിർച്വൽ മീറ്റിങ്ങുകളും കോൺഫറൻസുകളും നടത്തുന്നതിന് മാത്രമായി രൂപപ്പെടുത്തിയിരിക്കുന്ന ടൂളാണ് സൂം. പെയ്ഡ് വേർഷനിൽ കൂടുതൽ ഫീച്ചറുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം നൂറോളം ആളുകളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിക്കാനും അത് റെക്കോർഡ് ചെയ്യാനും സൂമിൽ സാധിക്കും.
സിസ്കോ വെബ്എക്സ്
ബിസിനസ് മേഖലയിൽ സ്കൈപ്പിന്റെ പ്രധാന എതിരാളിയാണ് സിസ്കോ വെബ്എക്സ്. ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും ജോലികൾ ഏകോപിപ്പിക്കാനും സിസ്കോ വെബ്എക്സ് വീഡിയോ കോളിങ്ങിലൂടെ സാധിക്കും. തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും ഉപയോക്താക്കളുമായി സംസാരിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇന്രർനാഷണൽ വോയ്സ് കോളിങ്ങും ഇതിന്റെ പ്രത്യേകതയാണ്.
ഗോ ടൂ മീറ്റിങ്
ലോഗ് മീ ഇൻ എന്ന കമ്പനി നിർമ്മിച്ച് മാർക്കറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയറാണ് ഗോ ടൂ മീറ്റിങ്. ഓൺലൈൻ മീറ്റിങ്, ഡെസ്ക്‌ടോപ് ഷെയറിങ്, വീഡിയോ കോൺഫറൻസിങ് എന്നിങ്ങനെ വിവിധങ്ങളായ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സോഫ്റ്റ്‌വെയർ പാക്കേജാണിത്. ഗോ ടൂ മീറ്റിങ്ങിലൂടെ ഇന്രർനെറ്റ് സംവിധാനം ഉപയോഗിച്ച് ഒരേസമയം സംസാരിക്കാനും കാണാനും സാധിക്കും.
സ്ലാക്ക്
ക്ലൗഡ് ബെയ്സ്ഡ് ആയിട്ടുള്ള ഒരു ടൂളാണ് സ്ലാക്. ബിസിനസ് ഉപയോഗം തന്നെ മുൻനിർത്തിയാണ് സ്ലാക്കും രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം 15 ആളുകളുമായി വീഡിയോ കോളിങ്ങിലൂടെ സംസാരിക്കാൻ സ്ലാക്ക് ഉപയോഗിച്ച് സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.