ഇന്നലെ അവസാനിച്ച ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചത് ട്രാക്കിൽ മാത്രമല്ല, ഓൺലൈനിലും കൂടിയാണ്. ഒളിമ്പിക്സ് ചർച്ചകളുമായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൂടുതൽ സജീവമായത് ഇന്ത്യയാണെന്നാണ് പുതിയ ട്രെൻഡ്സ് റിപ്പോർട്ട്.
ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റെയും ഡാറ്റ പ്രകാരം, ഒളിമ്പിക്സ് സംബന്ധമായ ചർച്ചകളുടെ കാര്യത്തിൽ ഇന്ത്യ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് ഒന്നമതായി. അതിൽ ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നിരിക്കുന്നത് ഇന്ത്യക്ക് വേണ്ടി നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഓഗസ്റ്റ് ഏഴിനാണ്. ഒളിമ്പിക്സ് സമയത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ മെൻഷൻ ചെയ്യപ്പെട്ട രണ്ടാമത്തെ താരമായി നീരജ് ചോപ്ര മാറുകയും ചെയ്തു. അമേരിക്കയുടെ ജിമ്നാസ്റ്റിക് താരമായ സിമോൺ ബിൽസ് ആണ് ഒന്നാമത്.

ഇൻസ്റ്റഗ്രാമിലെ ഫോളോവർമാരുടെ എണ്ണത്തിലും നീരജ് ചോപ്ര നേട്ടമുണ്ടാക്കി. 2.8 മില്യൺ ഫോളോവെയ്സിനെയാണ് നീരജിന് പുതുതായി ഇൻസ്റ്റഗ്രാമിൽ ലഭിച്ചത്. ആഗോളതലത്തിൽ ഇൻസ്റ്റഗ്രാമിൽ കൂടുതൽ മെൻഷൻ ചെയ്യപ്പെട്ട താരവും നീരജാണ്.
നീരജ് ചോപ്രയുടെ വെരിഫൈഡ് ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @neeraj____chopra യിലൂടെ പലപ്പോഴും അദ്ദേഹത്തിന്റെ മത്സര തയ്യാറെടുപ്പുകളുടെയും മുമ്പത്തെ പ്രകടനങ്ങളിൽ നിന്നുള്ള ക്ലിപ്പുകളുടെയും ഇടയ്ക്കിടെ ആരാധകർ വരച്ച ചിത്രങ്ങളും പങ്കുവക്കാറുണ്ട്.
ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ സിന്ധുവും ബോക്സറായ മേരി കോമുമാണ് ഒളിമ്പിക്സ് നടന്ന ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയുള്ള ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ കൂടുതൽ ഫോളോവെഴ്സിനെ ലഭിച്ച മറ്റു ഇന്ത്യൻ താരങ്ങൾ.
Also read: ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03 വിക്ഷേപണം 12ന്
ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായ 13കാരി റെയ്സ ലീൽ ആണ് പെട്ടെന്ന് കൂടുതൽ ഫോളോവെഴ്സിനെ ലഭിച്ച മറ്റൊരു താരം. ബ്രസീൽ സ്കെറ്റ്ബോർഡ് താരമായ റെയ്സയുടെ ‘ദേർ ഈസ് നോ ഫ്യൂച്ചർ വിത്തോട്ട് പാസ്ററ്’ എന്ന ഡോക്യുമെന്ററി ചിത്രത്തിന് 11 മില്യൺ വ്യൂസ് ആണ് ലഭിച്ചത്. താരത്തിന് 5.8 മില്യൺ ഫോളോവെഴ്സിനെയാണ് ലഭിച്ചത്. ആഗോളതലത്തിൽ ഒളിമ്പിക്സ് സമയത്ത് കൂടുതൽ ഫോളോവെഴ്സിനെ ലഭിച്ചത് താരത്തിനാണ്.