ന്യൂഡൽഹി: നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകത്ത വസ്തുവായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. എന്നാൽ പലപ്പോഴും നിരന്തരമുള്ള ഉപയോഗമൂലം ബാറ്ററി ചാർജ് ചെയ്യാൻ വിട്ടുപോവുകയും ഫോൺ ഓഫാകുകയും ചെയ്യാറുണ്ട്. ഇങ്ങനെ സംഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള ചില വഴികളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.

ജിപിഎസ് ലൊക്കേഷൻ ഓഫ് ചെയ്യുക

നിങ്ങളുടെ ഫോണിൽ നിന്ന് ഒരുപാട് പവർ വലിക്കുന്ന ഒന്നാണ് ജിപിഎസ്. എന്നാൽ നമ്മുടെ ഫോണുകളിലെ പല ആപ്ലിക്കേഷൻസും പ്രവർത്തിക്കണമെങ്കിൽ ജിപിഎസ് സേവനം കൂടിയെ തീരു. ഇതിനാൽ പലപ്പോഴും നമ്മൾ ജിപിഎസ് എപ്പോഴും ഓൺ ചെയ്തിടുകയാണ് പതിവ്. അതേസമയം ആവശ്യത്തിന് മാത്രം ജിപിഎസ് സേവനം ഉപയോഗപ്പെടുത്തിയ ശേഷം അത് ഓഫ് ചെയ്യുന്നത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ് കൂടുതൽ നിലനിൽക്കാൻ സഹായിക്കും.

ഡാർക്ക് മോഡ് ഓൺ ചെയ്യുക

നിലവിൽ എല്ലാ ആൺഡ്രോയ്ഡ് ഡിവൈസുകളിലുമുള്ള ഫീച്ചറാണ് ഡാർക്ക് മോഡ്. ഒഎൽഇഡി പാനലോടുകൂടിയാണ് നിങ്ങളുടെ ഫോണെങ്കിൽ ഡാർക്ക് മോഡിൽ കൂടുതൽ പവർ ലാഭിക്കാൻ സാധിക്കും. ഇതോടൊപ്പം വാട്സാപ്, ഇൻസ്റ്റഗ്രാം മുതലായ ആപ്ലിക്കേഷനുകളിലും ഡാർക്ക് മോഡ് എനേബിൾ ചെയ്യുക.

ആപ്ലിക്കേഷൻസ് പൂർണമായും ക്ലോസ് ചെയ്യുക

നമ്മുടെയെല്ലാം ഒരു സ്വഭാവമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷൻ ഹോം ബട്ടണിൽ അമർത്തിയോ മുകളിലേക്ക് സ്വൈപ് ചെയ്തോ പുറത്ത് വരുന്നത്. എന്നാൽ ഇത് ബാക്ക്ഗ്രൗണ്ടിൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നതിന് കാരണമാകും. അത് ചാർജ് നഷ്ടപ്പെടുത്തും. അതിനാൽ ആദ്യം ആപ്ലിക്കേഷനുകൾ കൃത്യമായി തന്നെ ക്ലോസ് ചെയ്യണം. രണ്ടാമതായി ഇടയ്ക്കിടയ്ക്ക് ‘റീസെന്റ് ഐറ്റംസ്’ ക്ലീൻ ചെയ്യുകയും ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook