വിലക്കിന് ശേഷം പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മടങ്ങിയെത്തിയ ടിക് ടോക് ദിവസങ്ങൾക്കുള്ളിൽ ഒന്നാം നമ്പരിൽ. ഐഒഎസിൽ ടോപ്പ് ഫ്രീ ആപ്പുകളിലാണ് ടിക് ടോക് ഒന്നാം സ്ഥാനത്തെത്തിയത്. ആൺഡ്രോയ്ഡിന്റെ പ്ലേ സ്റ്റോറിൽ സോഷ്യൽ കാറ്റഗറിയിലാണ് ടിക് ടോക് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയാണ് ടിക് ടോക്കിനെതിരായ വിലക്ക് ദിവസങ്ങൾക്ക് മുമ്പ് എടുത്ത് കളഞ്ഞത്.

ടിക് ടോക്കിന്റെ മടങ്ങിവരവ് ആഘോഷിക്കാൻ ReturnOfTikTok എന്ന ഹാഷ്ടാഗും സമൂഹമാധ്യമങ്ങളിൽ ട്രെണ്ടിങ്ങ് ആയിരുന്നു. ഇതിന് പുറമെ ReturnOfTikTok എന്ന ഹാഷ്ടാഗിൽ ടിക് ടോക് തന്നെ ഒരു ഇൻ ആപ്പ് ചാലഞ്ചും സംഘടിപ്പിച്ചിരുന്നു. 504 മില്ല്യൻ വ്യൂസാണ് ഈ ചുരുങ്ങിയ കാലയളവിൽ ആപ്ലിക്കേഷനുണ്ടായതെന്ന് ടിക് ടോക് അധികൃതർ അവകാശപ്പെടുന്നു.

“ടിക് ടോക്കിനോട് 200 മില്ലയണോളം വരുന്ന ഇവിടുത്തെ ഉപഭോക്താക്കൾ കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും നന്ദി അറിയിക്കുന്നു. ഇന്ത്യൻ സമൂഹത്തോട് ഞങ്ങൾക്കുള്ള ഉത്തരവാദിത്വം തുടരുന്നതിനുള്ള പുതിയ അദ്ധ്യായമാണ് ReturnOfTikTok എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ. സുരക്ഷിതവും വിനോദകരവുമായ ഒരു ഇൻ ആപ്പ് അനുഭവത്തിനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്, ” ടിക് ടോക് ഇന്ത്യയുടെ എന്രർടെയ്മെന്റ് തലവൻ സുമേദാസ് രാജ്ഗോപൽ പറഞ്ഞു.

ടിക് ടോക്ക് വിഡിയോ ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം ഏപ്രിൽ 24നാണ് മദ്രാസ് ഹൈക്കോടതി നീക്കം ചെയ്തത്. ആപ് നിരോധിച്ചുളള ഇടക്കാല ഉത്തരവ് കോടതി എടുത്തുകളഞ്ഞു. ജസ്റ്റിസ് എന്‍ കിരുബാകരനും എസ്.എസ് സുന്ദറും അടങ്ങിയ ബെഞ്ചാണ് നിരോധനം നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. അശ്ലീലകരമായ വീഡിയോകള്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനി കോടതിയെ അറിയിച്ചിരുന്നു.

അശ്ലീലകരമായ വീഡിയോകള്‍ വര്‍ധിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് ഏപ്രില്‍ 3നാണ് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിച്ചത്. പിന്നീട് ഈ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതിയും വ്യക്തമാക്കിയിരുന്നു. ടിക് ടോക് നിരോധിച്ചതിന് പിന്നാലെ ആപ് സ്റ്റോറില്‍ നിന്നും ഗുഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ അപൃത്യക്ഷമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook