മുംബൈ: പ്രണയദിനത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്നാണ് എയര്‍ടെലിനും വോഡാഫോണിനും ഐഡിയയ്ക്കും ആശംസ ലഭിച്ചത്. ടെലികോം രംഗത്ത് മൂവര്‍ക്കും വെല്ലുവിളി ഉയര്‍ത്തി രംഗത്ത് വന്ന പുതിയ എതിരാളിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആണ് പ്രണയദിനാശംസകള്‍ നേര്‍ന്നത്.
പ്രിയപ്പെട്ട എയര്‍ടെല്‍ ഇന്ത്യ, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ എന്നിവര്‍ക്ക് സ്നേഹം നിറഞ്ഞ പ്രണയദിനാശംസകള്‍ എന്നാണ് റിലയന്‍സ് ജിയോയുടെ ഒദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചത്.
Dear @airtelindia, @VodafoneIN, @ideacellular, Happy Valentine’s Day. #WithLoveFromJio
— Reliance Jio (@reliancejio) February 14, 2017
സെപ്തംബര്‍ ഒന്നിന് ഇന്ത്യയില്‍ സേവനം ആരംഭിച്ചത് മുതല്‍ ജിയോയെ ശത്രുവായാണ് മറ്റ് ടെലികോം കമ്പനികള്‍ കാണുന്നത്. റിലയന്‍സ് ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം ഡിസംബര്‍ 31ന് 72.4 മില്യണിലെത്തിയിരുന്നു. സര്‍വ്വീസ് ആരംഭിച്ച് 83 ദിവസത്തിനുള്ളില്‍ പ്രതിദിനം ആറ് ലക്ഷം ഉപയോക്താക്കളാണ് റിലയന്‍സ് ജിയോയ്ക്ക് പുതിയതായി ലഭിച്ചുകൊണ്ടിരുന്നത്.
ജിയോ വന്നതോടെ മറ്റ് കമ്പനികള്‍ക്ക് വന്‍ നഷ്ടവും സംഭവിച്ചു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഐഡിയയുടെ മൊത്തം നഷ്ടം 303 കോടി രൂപയാണ്.
ആർകോമിന്റേത് 531 കോടി രൂപയും. തലേ വർഷം ഇതേ കാലയളവിൽ ഐഡിയയ്ക്ക് 659.35 കോടി രൂപയും ആർകോമിന് 303 കോടി രൂപയും അറ്റാദായമുണ്ടായിരുന്നു.
നേരത്തെ ഭാരതി എയർടെൽ പുറത്തുവിട്ട കണക്കനുസരിച്ച് അവരുടെ അറ്റാദായം 1,108.1 കോടി രൂപയിൽനിന്ന് 503.7കോടിയായി താഴ്ന്നിരുന്നു. വോഡഫോണിന്റെ വരുമാനത്തിൽ 4.7 ശതമാനം ഇടിവുണ്ടായിരുന്നു.