ന്യൂഡല്‍ഹി: കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല നമ്മുടെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍. വളരെ രസകരമായ എത്രയോ ആപ്പുകള്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ അനിരുദ്ധ് ഗോയല്‍ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പുതിയൊരു മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ്. കാലങ്ങളായി വിദ്യാര്‍ത്ഥികളനുഭവിക്കുന്ന തലവേദനയ്ക്ക് ഒരുപക്ഷെ ഈ ആപ്ലിക്കേഷന്‍ ഒരു പരിഹാരമായേക്കാം.

പഠനത്തില്‍ പത്തുതലയാണ് അനിരുദ്ധിന്. എന്നാല്‍ മിക്ക വിദ്യാര്‍ത്ഥികളും അനുഭവിക്കുന്ന ആ തലവേദന, ഹാജര്‍, അത് അനിരുദ്ധിനെയും കുഴക്കി. ആരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗമായും പരീക്ഷയുടെ തയ്യാറെടുപ്പിനായും അനിരുദ്ധിന് പലപ്പോഴായി ക്ലാസില്‍ നിന്നും അവധിയെടുക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ആവശ്യത്തിന് ഹാജറില്ലാത്തതിനാല്‍ സ്‌കൂള്‍ അധികാരികൡ നിന്നുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട് ഈ മിടുക്കന്‍. അങ്ങനെയാണ് തന്നെപ്പോലെ നീണ്ട അവധിയെടുക്കുന്ന കുട്ടികള്‍ക്കു സഹായകമായി ഒരു ആപ്ലിക്കേഷന്‍ എന്ന തീരുമാനത്തില്‍ അനിരുദ്ധ് എത്തിയത്.

ആപ്പിനെക്കുറിച്ച് അനിരുദ്ധ് പറയുന്നു’നിങ്ങളുടെ നിലവിലെ ഹാജറും, നിങ്ങള്‍ക്ക് ഇനി വേണ്ട ഹാജറും എത്രയെന്ന് ആദ്യം ആപ്ലിക്കേഷനില്‍ ഇന്‍പുട്ട് ചെയ്യണം. ആ വിവരങ്ങള്‍ ഉപയോഗിച്ച് ഇനി എത്ര ദിവസം നിങ്ങള്‍ ക്ലാസില്‍ പോകേണ്ടതുണ്ട്, എത്ര ദിവസം നിങ്ങള്‍ക്ക് അവധിയെടുക്കാം തുടങ്ങിയ വിവരങ്ങള്‍ എല്ലാം പറഞ്ഞു തരും.’ അറ്റെന്‍ഡക്‌സ് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്.

അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും അനുമതി ആവശ്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ സംബന്ധിച്ച് വിവരങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭ്യമാക്കുന്ന ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷനാണിത്.

സ്‌കൂളില്‍ സി പ്ലസ് പ്ലസ് എന്ന കംപ്യൂട്ടര്‍ ഭാഷ പഠിച്ചിട്ടുണ്ടെങ്കിലും പുറത്തു നിന്നു പഠിച്ച മാസീവ് ഓപെണ്‍ ഓണ്‍ലൈന്‍ വഴിയാണ് കോഡിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അനിരുദ്ധ് കൂടുതല്‍ മനസിലാക്കുന്നത്. മധ്യവേനലവധിക്കാലത്താണ് ഈ ആപ്ലിക്കേഷനായുള്ള പദ്ധതികള്‍ തുടങ്ങിയത്. തന്റെ സീനിയേഴ്‌സ് ഇത്തരത്തില്‍ പല ആപ്ലിക്കേഷനും ഉണ്ടാക്കിയിട്ടുണ്ടെന്നും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ അറ്റെന്‍ഡെക്‌സ് രൂപപ്പെടുത്തിയതെന്നും അനിരുദ്ധ് പറഞ്ഞു.

സ്‌കൂളും, ട്യൂഷന്‍ ക്ലാസുമൊക്കെയായി സമയം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും വൈകുന്നേരങ്ങളും രാത്രികളുമെല്ലാം വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയാണ് അനിരുദ്ധ് ഈ ആപ്പിനായി അദ്ധ്വാനിച്ചത്. തനിക്ക് സ്‌കൂളിലെ പാഠങ്ങള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ കഴിയുമെന്നും എന്നാല്‍ നല്ല മാര്‍ക്കു വാങ്ങുന്നതില്‍ മാത്രമല്ല തന്റെ താത്പര്യമെന്നും അനിരുദ്ധ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ