കോവിഡിനെത്തുടർന്ന് ലോക്ക്ഡൗണും സാമൂഹിക അകല നിയന്ത്രണങ്ങളും വന്നതോടെ രണ്ടു തരം മൊബൈൽ ആപ്ലിക്കേഷനുകൾക്കാണ് ആവശ്യക്കാരുടെ എണ്ണം വർധിച്ചത്. ഒന്ന് അവശ്യ വസ്തുക്കൾ വീടുകളിലെത്തിക്കുന്നതിനുള്ള സേവനങ്ങൾക്ക്. രണ്ടാമത്, വീഡിയോ കോളിങ്ങ്, ഗ്രൂപ്പ് വീഡിയോ കോളിങ്, വീഡിയോ കോൺഫറൻസിങ്ങ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾക്ക്.
സൂം, ഗൂഗിൾ മീറ്റ്, സ്കൈപ്പ്, സിസ്കോ വെബ് എക്സ് തുടങ്ങിയ വീഡിയോ കോൾഫറൻസിങ് ആപ്പുകൾക്ക് ലോക്ക് ഡൗൺ കാലത്ത് വലിയ പ്രചാരം ലഭിച്ചിരുന്നു. സൂം മെസഞ്ചറുമായി മത്സരിക്കാൻ മെസഞ്ചർ റൂംസ് എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുമെന്ന് സോഷ്യൽ മീഡിയ ഭീമനായ ഫെയ്സ്ബുക്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 50 പേരെ ഉൾക്കൊള്ളിച്ചുള്ള വീഡിയോ കോൺഫറൻസിങ്ങ് നടത്താൻ മെസഞ്ചർ റൂംസിന് സാധിക്കും. ഇതിനു പുറമേ വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ പങ്കെടുപ്പിക്കുന്നവരുടെ എണ്ണം എട്ട് ആയി വർധിപ്പിക്കുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചിരുന്നു.
Aslos Read: കാത്തിരിപ്പിന് വിരാമം; വാട്സാപ്പ് വീഡിയോ കോളിൽ ഇനി കൂടുതൽ ആളുകളുമായി സംവദിക്കാം
ടെലഗ്രാം ആണ് ഗ്രൂപ്പ് വീഡിയോ കോൾ ആപ്ലിക്കേഷനുകളുടെ പട്ടികയിലേക്ക് പ്രവേശിക്കുന്നതായി ഏറ്റവും ഒടുവിൽ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ടെലഗ്രാമിൽ വീഡിയോ കോളിങ്ങ് ഫീച്ചറിനുള്ള പിന്തുണയില്ല. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ സുരക്ഷിതമായ ഗ്രൂപ്പ് വീഡിയോ കോളിങ്ങിനുള്ള സൗകര്യം ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിക്കുമെന്ന് ടെലഗ്രാം അധികൃതർ ഔദ്യോഗിക ബ്ലോഗിൽ അറിയിച്ചു. 2013ൽ മെസേജുകൾ എങ്ങനെയായിരുന്നോ അതുപോലെയാണ് 2020ൽ വീഡിയോ കോളുകളെന്നും ടെലഗ്രാം കമ്പനി അഭിപ്രായപ്പെട്ടു. എന്നാൽ എന്നാണ് വീഡിയോ കോളിങ്ങ് ടെലഗ്രാമിൽ ഉൾപ്പെടുത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Celebrating 400 million users with a quiz creator contest and new sticker directory: https://t.co/F3qu3liD3U
— Telegram Messenger (@telegram) April 27, 2020
ടെലഗ്രാം മെസേജിങ് ആപ്പിന് പ്രതിമാസം 40 കോടി സജീവ ഉപഭോക്താക്കളുള്ളതായി കമ്പനി പറയുന്നു. കഴിഞ്ഞ വർഷം ഇത് 30 കോടിയായിരുന്നു. ഒരു വർഷത്തിനിടെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ 10 കോടിയുടെ വർധനവാണ് ടെലഗ്രാമിനുണ്ടായത്. ആപ്പ് ദിവസവും ഉപയോഗിക്കുന്നവർ 15 ലക്ഷമാണ്. 20ഓളം രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സോഷ്യൽ ആപ്പാണ് ടെലഗ്രാം.
ഓൺലൈൻ വിദ്യാഭ്യാസത്തിന് നാല് ലക്ഷം യൂറോ
ഓൺലൈൻ വിദ്യാഭ്യാസ രംഗത്തും ടെലഗ്രാം ആപ്പിന്റെ സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നുണ്ട്. കോവിഡ് കാരണം സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾക്കായുള്ള പഠന സംവിധാനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനായി നാല് ലക്ഷം യൂറോ (3.301 കോടി രൂപ) ചിലവഴിക്കുമെന്ന് ടെലഗ്രാമിന്റെ ഔദ്യോഗിക ബ്ലോഗിൽ പറയുന്നു. ലോകത്താകെ 200 കോടിയിലധികം വിദ്യാർഥികൾക്കാണ് കോവിഡ് കാരണം സ്കൂൾ മുടങ്ങിയതെന്നും ഇവരെ ഓൾലൈനിൽ പഠിപ്പിക്കുന്നതിനുള്ള ഉള്ളടക്കം തയ്യാറാക്കുന്നവരെ പിന്തുണയ്ക്കാനാണ് ഈ തുക ലഭ്യമാക്കുകയെന്നും ബ്ലോഗിൽ പറയുന്നു. എല്ലാ വിഷയത്തിലും എല്ലാ ക്ലാസുകളിലും ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിന് സഹായിക്കുന്ന വിവര ശേഖരവും ഇതിന്റെ ഭാഗമായി തയ്യാറാക്കുമെന്നും കമ്പനി വ്യക്തമാക്കി.
Also Read: വാട്‌സാപ്പ് പുതിയ പതിപ്പിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ആറ് ഫീച്ചറുകൾ
നിലവിൽ ടെലഗ്രാമിലെ ക്വിസ് ബോട്ട് ഫീച്ചർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഈ ഫീച്ചർ ഉപയോഗിച്ച് വിവിധ വിഷയങ്ങളിലും ഭാഷാ പഠനവുമായി ബന്ധപ്പെട്ടും പരീക്ഷകൾ തയ്യാറാക്കാനാവും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 17 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുമായും ടെലഗ്രാം സഹകരണം ആരംഭിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട ആധികാരിക വാർത്തകൾ പ്രചരിപ്പിക്കുന്നതിനായിരുന്നു സഹകരണം.