/indian-express-malayalam/media/media_files/uploads/2019/10/Telegram.jpg)
കൊച്ചി: സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ടെലഗ്രാം രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബെംഗളൂരു ലോ സ്‌കൂളിലെ വിദ്യാർഥിനിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിയുമായ അഥീന സോളമനാണ് ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകർത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. 2013 ൽ റഷ്യയിൽ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തിൽ മാത്രം 13 ലക്ഷം പ്രേക്ഷകരുണ്ട്.
രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തനമെന്നും സർക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ,വാർത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, സൈബർ ഡോം എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. ഹർജി വ്യാഴാഴ്ച പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.