ലോകത്തെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്. പുതിയ വെരിഫിക്കേഷനുമായി വാട്സ്ആപ്പ് ഒന്നുകൂടെ സുരക്ഷിതമാക്കുന്നു. വാട്ട്സ്ആപ്പ് ഉപയോഗം കുറച്ചുകൂടെ സുതാര്യമാക്കുകയെന്നതാണ് പുതിയ പദ്ധതിയുടെ ഉദ്ദേശം. ലോകമെമ്പാടുമുള്ള 1.2 ബില്ല്യൺ ഉപയോക്താക്കൾക്ക് രണ്ട് ഘട്ടമായി വാട്ട്സ്ആപ്പ് വെരിഫൈ ചെയ്യാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. ഐഫോൺ, ആൻഡ്രോയ്ഡ്, വിൻഡോസ് ഫോണുകളിൽ ഈ സൗകര്യം ലഭ്യമാവും. നേരത്തെ ആൻഡ്രോയിഡിന്റെ ബീറ്റ വേർഷനിൽ ഈ വെരിഫിക്കേഷൻ പരീക്ഷിച്ചിരുന്നു. അതിന് ശേഷമാണ് ഇത് എല്ലാ ഒഎസുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

വാട്ട്സ്ആപ്പ് അക്കൗണ്ടിന്റെ സുരക്ഷിതത്വം പലപ്പോഴും ഉപയോക്താക്കൾക്കിടയിൽ ചർച്ചയാവാറുണ്ട്. പല സന്ദേശങ്ങളും ‘മൂന്നാമതൊരാൾ’ വായിച്ചേക്കാമെന്ന ആരോപണവും നിൽക്കുമ്പോഴാണ് പുതിയ വെരിഫിക്കേഷനുമായി വാട്ട്സ്ആപ്പ് എത്തുന്നതെന്നത് ശ്രദ്ധേയമാണ്.
ഓരോ പ്രാവശ്യവും വ്യത്യസ്ത ഫോണുകളിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോഴും അക്കൗണ്ട് തുറക്കാൻ ഇനി മുതൽ ഒരു കോഡ് ആവശ്യമായി വരും. രണ്ട് ഘട്ട വെരിഫിക്കേഷന് ശേഷം വാട്ട്സ്ആപ്പിൽ ഫോൺ നമ്പർ വെരിഫൈ ചെയ്യാനുള്ള ശ്രമത്തിനും ഒരു ആറക്ക പാസ്‌വേർഡ് ആവശ്യമായി വരും.
ഇതെങ്ങനെ ചെയ്യുമെന്നാലോചിച്ച് തല പുകയ്‌ക്കേണ്ട. സംഗതി വളരെ നിസാരമാണ്. ഐഫോണിൽ എങ്ങനെ വെരിഫൈ ചെയ്യാമെന്ന് നോക്കാം. ആദ്യം സെറ്റിങ്ങ്സിൽ പോകുക. തുടർന്ന് അക്കൗണ്ടെന്ന ഓപ്ഷൻ തുറക്കുക. അതിൽ കാണുന്ന റ്റു സ്റ്റെപ്പ് വെരിഫിക്കേഷൻ തിരഞ്ഞെടുക്കുക. ഓർത്തെടുക്കാവുന്ന ഒരു ആറക്ക നമ്പർ പാസ്കോഡായി രേഖപ്പെടുത്തുക. കോഡ് ഉറപ്പ് വരുത്തിയതിന് ശേഷം നമ്മുടെ ഇ-മെയിലും നൽകുക. എന്തെങ്കിലും കാരണത്താൽ പാസ്‌കോഡ് നഷ്ടമായാൽ വീണ്ടെടുക്കാനാണ് വാട്ട്സ്ആപ്പിനെ ഇ-മെയിലുമായി ബന്ധിപ്പിക്കുന്നത്.
പാസ്കോഡ് നഷ്ടമാവുകയാണെങ്കിൽ അക്കൗണ്ട് വീണ്ടെടുക്കാനുള്ള മെയിൽ ലഭിക്കും. നിലവിലുള്ള വെരിഫിക്കേഷൻ റദ്ദാക്കണോ എന്ന് ചോദിച്ചുള്ള മെയിലാണ് ലഭിക്കുക. ഒപ്പം അതിനുള്ള ഒരു ലിങ്കുമുണ്ടാവും. അതിൽ ക്ലിക്ക് ചെയ്‌താൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതാവുകയും വാട്ട്സ്ആപ്പ് അക്കൗണ്ട് ലഭ്യമാവുകയും ചെയ്യും.
ആൻഡ്രോയിഡിന്റെ വെരിഫിക്കേഷനിലും മാറ്റമില്ല. പക്ഷേ വാട്ട്സ്ആപ്പിന്റെ ലാൻഡിങ് പേജിൽ കാണുന്ന മൂന്ന് കുത്തുകളിലൂടെയാണ് ആൻഡ്രോയിഡ് ഫോണുകളിൽ സെറ്റിങ്സിലെത്താൻ കഴിയൂ. ബാക്കിയെല്ലാം ഐഒസ് ഫോണിൽ ചെയ്യുന്നത് പോലെ തന്നെ.
വെരിഫിക്കേഷനോട് കൂടി വാട്ട്സ്ആപ്പ് ഉപയോഗം ഒന്നൂടെ സുതാര്യമാകും. ഇതുവഴി മറ്റുള്ളവർ നമ്മുടെ വാട്ട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാകും. കൃത്യമായ, ഉപയോഗിക്കുന്ന ഒരു ഇ-മെയിൽ അഡ്രസ്സായിരിക്കണം നൽകേണ്ടതെന്ന് വാട്ട്സ്ആപ്പ് അധികൃതർ പറയുന്നു.
പാസ്കോഡ് ഇല്ലാതെ വെരിഫൈ ചെയ്ത് ഏഴ് ദിവസത്തിനകം ഇത് റീ വെരിഫൈ ചെയ്യാനാകില്ല. ഇ-മെയിൽ നൽകിയിട്ടുമില്ല, പാസ്കോഡ് മറന്നുപോവുകയാണെങ്കിൽ ഏഴ് ദിവസം കഴിയാതെ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ലെന്നതാണ് ഉപയോക്താക്കളെ കുഴയ്ക്കുന്നത്. ഏഴ് ദിവസത്തിന് ശേഷം വീണ്ടും അക്കൗണ്ട് വെരിഫൈ ചെയ്യാൻ സാധിക്കും. പക്ഷേ പഴയ സന്ദേശങ്ങളെല്ലാം നഷ്ടമാവുമെന്ന് മാത്രം.