കരിപ്പൂർ: വിമാന യാത്രക്കാർക്ക് സഹായമാവുന്ന എയർസേവ​ ആപ്പുമായി വ്യോമയാന മന്ത്രാലയം. വിമാനങ്ങളുടെയും വിമാനത്താവളങ്ങളുടെയും വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുന്ന ആപ്പാണ് “എയർസേവ”. യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനുമള്ള സൗകര്യങ്ങളും വിമാനങ്ങൾ, ഷെഡ്യൂളുകൾ, കാലാവസ്ഥ വിവരങ്ങൾ, കണക്ഷൻ വിമാനങ്ങൾ എന്നീ വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാവും.

വിമാനങ്ങളുടെ സമയക്രമം തെറ്റൽ, ബാഗേജ് നഷ്ടമാകൽ, ടിക്കറ്റ് നിരക്ക് തിരിച്ചു നൽകൽ, മോശമായ പെരുമാറ്റം തുടങ്ങി യാത്രക്കാർ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ആപ്പിലൂടെ സാധിക്കും. പരാതിയുമായി ബന്ധപ്പെട്ട വിഡിയോയും ശബ്‌ദരേഖയും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. വെബ് പോർട്ടൽ, മൊബൈൽ ഫോൺ വഴി യാത്രക്കാർക്ക് പരാതികൾ റജിസ്റ്റർ ചെയ്യാനുള്ള അവസരവുമുണ്ട്.

എല്ലാ പരാതികൾക്കും സമയബന്ധിതമായി മറുപടി നൽകുന്ന സംവിധാനമാണ് ആപ്പിലുള്ളത്. ലഭിക്കുന്ന പരാതികൾ അതത് വിമാനക്കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. പരാതി റജിസ്റ്റർ ചെയ്യുമ്പോൾ ഒരു ടോക്കൺ നമ്പറും പരാതിക്കാർക്ക് ലഭിക്കും. ഇ-മെയിൽ, മെസേജ് വഴിയാണ് മറുപടി ലഭിക്കുക. എന്നാൽ സമയമെടുത്ത് പരിഹരിക്കേണ്ട വിഷയങ്ങളിൽ ടോക്കൺ നമ്പറുപയോഗിച്ച് പരാതിക്കാരന് പരാതിയുടെ നാൾവഴികളറിയാം.

കേന്ദ്രമന്ത്രാലയമാണ് ആപ്പ് കൈകാര്യം ചെയ്യുന്നത്. വിമാനത്താവള അതോറിറ്റി, സെക്യൂരിറ്റി, ഇമിഗ്രേഷൻ, കസ്റ്റംസ്, ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി തുടങ്ങിയ എല്ലാ ഏജൻസികളും ഈ സംവിധാനത്തിന്റെ ഭാഗമാവും.

പരിഹാരം കാണാനുള്ളവ, നിശ്ചിത സമയത്തിന് മുൻപേ പരിഹാരം കണ്ടത്തിയവ, തീർപ്പാക്കിയവ എന്നിങ്ങനെ പരാതികളെ മൂന്നായി തിരിക്കും. പരാതി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികൾക്ക് റേറ്റിങ്ങും നൽകും. ആൻഡ്രോയിഡ് ഫോണുകളിൽ സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ