scorecardresearch
Latest News

നീവ: ഗൂഗിൾ സെർച്ചിന് ആഡ് ഫ്രീ ബദലുമായി ഗൂഗിൾ മുൻ ജീവനക്കാരായ ഐഐടി പൂർവ്വ വിദ്യാർത്ഥികൾ

ആദ്യം യുഎസ് വിപണിയിലും തുടർന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളായ പടിഞ്ഞാറൻ യൂറോപ്പ്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലും നീവ പുറത്തിറക്കും

നീവ: ഗൂഗിൾ സെർച്ചിന് ആഡ് ഫ്രീ ബദലുമായി ഗൂഗിൾ മുൻ ജീവനക്കാരായ ഐഐടി പൂർവ്വ വിദ്യാർത്ഥികൾ

“പരസ്യങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു ഉൽപന്നം സഹായിക്കുന്നത് അതിന് പരസ്യം നൽകിയവരെയാണ്, നിങ്ങളെയല്ല.” ഈ ചിന്ത മനസ്സിൽവച്ചാണ് ഐഐടി പൂർവ്വ വിദ്യാർത്ഥികളും ഗൂഗിൾ മുൻ എക്സിക്യൂട്ടീവുകളുമായ ശ്രീധർ രാമസ്വാമിയും വിവേക് രഘുനാഥനും പരസ്യരഹിത സ്വകാര്യ സെർച്ച് എൻജിനായ നീവ പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്.

ഉപഭോക്താക്കൾക്ക് പണമടച്ച് ലഭ്യമാക്കാവുന്നതും ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകിയിട്ടുള്ളതുമായ ഈ ബദൽ ഉൽപന്നം ഈ വർഷം പകുതിയോടെ ലഭ്യമാവും. സാങ്കേതിക വിദ്യാരംഗത്തെ അതികായർ കൈയടക്കിവച്ചിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പുതിയ സംരംഭവുമായി ശ്രീധർ രാമസ്വാമിയും വിവേക് രഘുനാഥനും മുന്നോട്ട് പോവുന്നത്.

“ലോകത്തിൽ എല്ലാവർ‌ക്കും വേണ്ടി സെർച്ച് സേവനങ്ങൾ നൽ‌കുന്നതിന് പരസ്യം അടിസ്ഥാനമാക്കിയുള്ള മാതൃക നല്ലതാണ്, പക്ഷേ കാലക്രമേണ, കൂടുതൽ‌ പരസ്യങ്ങൾ‌ കാണിക്കുന്നതിനായി കൂടുതൽ‌ കൂടുതൽ‌ സമ്മർദ്ദം‌ വന്നു, മാത്രമല്ല ഉപയോക്താവ് ആഗ്രഹിക്കുന്നത് അതല്ല. ഒരു ഉപഭോക്താവിന് ആവശ്യമുള്ളതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ മികച്ച സെർച്ച് സേവന ഉൽപ്പന്നം സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നതാണ് ഞങ്ങളുടെ സിദ്ധാന്തം,” നീവയുടെ സിഇഒ ശ്രീധർ രാമസ്വാമി പറഞ്ഞു.

Read More: വാട്സ്ആപ്പിനെക്കുറിച്ചോർത്ത് ആശങ്കയിലാണോ? മൂന്ന് ബദൽ മെസഞ്ചർ ആപ്പുകൾ പരിചയപ്പെടാം

ഗൂഗിളിൽ ആഡ്സ് ആൻഡ് കൊമേഴ്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായിരുന്ന 54 കാരന് ഇത് നന്നായി പരിചയമുള്ള ഒരു മേഖലയാണ്. ഗൂഗിളിന്റെ ട്രാവഷൽ, ഷോപ്പിംഗ്, ഇൻഫ്രാസ്ട്രക്ചർ ടീമുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. മുംബൈ ഐഐടിയിൽ പഠിച്ച വിവേക് രഘുനാഥൻ നേരത്തെ യൂട്യൂബിൽ മൊണിറ്റൈസേഷൻ വിഭാഗം വൈസ് പ്രസിഡന്റായിരുന്നു.

“അതിനാൽ യഥാർത്ഥത്തിൽ ഇവിടെ അനുഭവങ്ങളുടെ വിശാലമായ കൂട്ടമാണ്. അതുപോലെ, ഇപ്പോൾ ഗൂഗിൾ അസിസ്റ്റന്റ് എന്ന് വിളിക്കുന്നതിന്റെ ആദ്യത്തെ ടെക് ലീഡാണ് വിവേക്. അതിനാൽ ഞങ്ങൾ യഥാർത്ഥത്തിൽ സെർച്ചുമായി ബന്ധപ്പെട്ട ഇരുവശത്തും പ്രവർത്തിച്ചിട്ടുണ്ട്, ” ചെന്നൈ ഐഐടിയിൽ നിന്നുള്ള ബിരുദധാരിയായ ശ്രീധർ രാമസ്വാമി പറയുന്നു. അതിനാലാണ് സാങ്കേതികവിദ്യ താരതമ്യേന ചെലവുകുറഞ്ഞ രീതിയിൽ നിർമ്മിക്കാൻ കഴിയുമെന്ന് തങ്ങൾക്ക് “ആത്മവിശ്വാസം” തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിൽ 45 പേരുള്ള ടീമിനെ തയ്യാറാക്കിയിട്ടുണ്ടെന്നും നീവ “നാലഞ്ചു മാസത്തിനുള്ളിൽ” പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും സിഇഒ പറഞ്ഞു. ആദ്യം യുഎസ് ആഭ്യന്തര വിപണിയിലും തുടർന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളായ പടിഞ്ഞാറൻ യൂറോപ്പ്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലും സേവനം പുറത്തിറക്കും.

“ഭാഗ്യവശാൽ ഞങ്ങൾക്ക് എഞ്ചിനീയർമാർ, ഡിസൈനർമാർ, പ്രൊഡക്റ്റ് മാനേജർമാർ, ഈ സംരംഭത്തെ പിന്തുണയ്ക്കുന്നവർ എന്നിവരുടെ ഒരു മികച്ച ടീം ഉണ്ട്,” ശ്രീധർ രാമസ്വാമി പറയുന്നു. ഗ്രേലോക്ക്, സെക്വോയ ക്യാപിറ്റൽ എന്നിവരിൽ നിന്നും ശ്രീധർ രാമസ്വാമിയുടെ പക്കൽ നിന്നുമുള്ള തുല്യ നിക്ഷേപത്തോടെ നീവ ഇതുവരെ 37.5 മില്യൺ ഡോളർ സമാഹരിച്ചു.

Read More: എന്തുകൊണ്ട് സ്വകാര്യതനയം അംഗീകരിക്കാൻ വാട്സാപ് ഉപഭോക്താക്കൾക്ക് കൂടുതൽ സമയം അനുവദിക്കുന്നു?

ഇതുവരെ ശീലിച്ചതിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ സേവനമെന്ന് നീവയുടെ അണിയറയിലുള്ളവർ പറയുന്നു. ഡ്രോപ്ബോക്സ് പോലുള്ള ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിലും ഇമെയിൽ അക്കൗണ്ടുകളിലുമുള്ള വ്യക്തിപരമായ വിവരങ്ങൾ അടക്കം തിരയാവുന്ന തരത്തിലുള്ള ഏക ജാലക സംവിധാനം നീവ വാഗ്ദാനം ചെയ്യുന്നു. “അടിസ്ഥാന സാങ്കേതികവിദ്യയെക്കുറിച്ച് തന്നെ ഞങ്ങൾക്ക് പുനർവിചിന്തനം നടത്തേണ്ടതുണ്ട്. ചില തലങ്ങളിൽ, എങ്ങനെ വെബിൽ ക്രാൾ ചെയ്യുന്നു, അടിസ്ഥാനകാര്യങ്ങൾ എങ്ങനെ സൂചികയിലാക്കുന്നു തുടങ്ങിയ കാര്യങ്ങൾ സമാനമാണ്, ”അദ്ദേഹം പറഞ്ഞു. ഗൂഗിളിനെപ്പോലെ, സെർച്ചിനുവേണ്ടി സീക്രട്ട് സോസ് – റാങ്കിംഗുകൾ സൃഷ്ടിക്കാൻ എഐ, മെഷീൻ ലേണിംഗ് എന്നിവയും നീവ ഉപയോഗിക്കും.

“നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ ഇൻഡക്സ് ചെയ്യുന്നത് നിങ്ങളുടെ സെർച്ച് ഫലങ്ങൾക്ക് വേണ്ടി മാത്രമമാവുകയും മറ്റെവിടേക്കും എത്താതിരിക്കുകയും ചെയ്യുന്ന തരത്തിലാണ് തങ്ങൾ കമ്പനിയെയും ഉൽപന്നത്തെയും തയ്യാറാക്കിയിരിക്കുന്നതെന്ന് ഉറപ്പ് നൽകുന്നതായും ശ്രീധർ രാമസ്വാമി വ്യക്തമാക്കി.

“തുടക്കം മുതൽ തന്നെ‌ ഉപഭോക്താവിന് പ്രഥമ പരിഗണന നൽകി, ഉപഭോക്താവിനെ മാത്രം പരിഗണിച്ചാണ് ഈ സ്ഥാപനത്തെ സൃഷ്ടിച്ചിരിക്കുന്നത്. അത് മാത്രമാണ് ഒരേയൊരു വരുമാന മാർഗ്ഗമാണെന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു,” അദ്ദേഹം പറഞ്ഞു.

പരസ്യരഹിതമായി സേവനം മുന്നോട്ട് കൊണ്ടുപോവുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നീവയുടെ ഒരു ബ്ലോഗ് പോസ്റ്റിലും ആവർത്തിക്കുന്നു. “നിങ്ങളുടെ ഡാറ്റ ഒരിക്കലും ഒരു രൂപത്തിലും വിൽക്കപ്പെടില്ല” എന്ന് ഉറപ്പ് നൽകുന്ന ബ്ലോഗ് പോസ്റ്റിൽ 90 ദിവസത്തിനുശേഷം (18 മാസത്തിനു ശേഷമാണ് ഗൂഗിളിൽ ഈ സമയപരിധി) സെർച്ച് ഹിസ്റ്ററി സ്ഥിരസ്ഥിതിയായി ഇല്ലാതാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

വളരെ വലിയ ടെക് പ്ലാറ്റ്‌ഫോമുകൾ കാര്യങ്ങളെ വളരെയധികം നിയന്ത്രിക്കുന്നത് “ആരോഗ്യകരമല്ല” എന്നാണ് 16 വർഷം ഗൂഗിളിൽ ചെലവഴിച്ച ശ്രീധർ രാമസ്വാമി പറയുന്നത്. “അവിടെ നല്ല ആളുകളുണ്ട്, അതല്ല പ്രശ്നം. നിങ്ങൾക്ക് കൂടുതൽ പണം സമ്പാദിക്കണമെങ്കിൽ, ഒരു പരസ്യം കൂടി കാണിക്കാനുള്ള പ്രലോഭനം വളരെ ശക്തമാവും,” അദ്ദേഹം പറയുന്നു, നീവ നൽകുന്നത് ഒരു തിരഞ്ഞെടുപ്പാണ്. “ഈ തിരഞ്ഞെടുപ്പിനുള്ള അവസരം നൽകുന്നത് കൂടുതൽ സമ്പന്നമായ ഒരു ഇന്റർനെറ്റ് സൃഷ്ടിക്കുന്നു,” അദ്ദേഹം പറഞ്ഞു.

പണം ഈടാക്കിക്കൊണ്ടുള്ള ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നതിലെ വെല്ലുവിളികളെക്കുറിച്ചും അത് “മികച്ചത്” ആണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൗജന്യ ഓപ്ഷനുകൾക്ക് ക്ഷാമം ഇല്ലാത്ത സെഗ്‌മെന്റുകളിൽ വിജയിച്ച സ്‌പോട്ടിഫൈ, ഡ്രോപ്പ്‌ബോക്സ് പോലുള്ള സേവനങ്ങളുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്യങ്ങൾ വെട്ടിക്കുറയ്ക്കാൻ നീവ തങ്ങളുടെ എതിരാളികളെ നിർബന്ധിതരാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

“ജനസംഖ്യയിൽ ഒരു പ്രത്യേക വിഭാഗം മികച്ച ഉൽപ്പന്നത്തിൽ മൂല്യം കാണുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, പ്രത്യേകിച്ചും, ടെക് കമ്പനികൾ എത്ര വലുതും എത്ര സ്വാധീനമുള്ളതുമാണ് എന്നതിനെക്കുറിച്ചുള്ള നിലവിലെ ആശങ്കയുടെ അന്തരീക്ഷത്തിൽ. ‘എനിക്ക് ഒരു ലളിതമായ ബദൽ വേണം, ഞാൻ ഉപയോഗിക്കുന്ന ഒരു സേവനത്തിന് ഞാൻ പണമടയ്ക്കുന്നു’ എന്ന് പറയുന്ന ആളുകളെ ഞങ്ങൾക്ക് ലഭിക്കുമെന്ന് ഞങ്ങൾക്ക് തോന്നുന്നു. ഡാറ്റയെക്കുറിച്ച് കൂടുതൽ വിഷമിക്കേണ്ടതില്ല ഇവിടെ, മറ്റെന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിഷമിക്കേണ്ടതില്ല ഇതിൽ,” നീവ സിഇഒ കൂട്ടിച്ചേർത്തു

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Tech news technology iit grads ex google execs ready roll ad free search engine