എഴുപത് ലക്ഷത്തോളം ഉപഭോക്താക്കളെ ബാധിച്ച ബഗ്ഗ് ഫെയ്‌സ്ബുക്ക് കണ്ടെത്തി. ഉപഭോക്താക്കളുടെ ഫോട്ടോകൾ, ആപ്പ് ഡെവലപ്പർമാരുടെ പക്കൽ എത്തുന്നതായിരുന്നു ഫെയ്‌സ്ബുക്ക് കണ്ടെത്തിയ തകരാർ. മൂന്നാം കക്ഷി ആപ്പുകളിൽ ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് ലോഗിൻ ചെയ്‌തവരുടെ ഫോട്ടോകളാണ് ഇത്തരത്തിൽ ആപ്പ് ഡെവലപ്പർമാരിലേക്ക് എത്തിയത്.

ഫെയ്‌സ്ബുക്ക് ബഗ്ഗ് 68 ലക്ഷം ഉപഭോക്താക്കളെയും 1,500 ആപ്ലിക്കേഷനുകളെയും ബാധിച്ചതായാണ് റിപ്പോർട്ട്. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു, സാധാരണഗതിയിൽ മൂന്നാം കക്ഷി ആപ്പുകൾക്ക് 12 ദിവസമാണ് ഫോട്ടോകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നത് എന്നാൽ ചില ആപ്പുകൾ അനുവദിച്ചതിലും കൂടുതൽ ദിവസം ഫോട്ടോകൾ ഉപയോഗിക്കാൻ കഴിഞ്ഞു എന്നാണ് ഫെയ്‌സ്ബുക്ക് ബ്ലോഗിൽ എഴുതിയത്.

ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ മാത്രമല്ല ആപ്പ് ഡെവലപ്പർമാരുടെ പക്കൽ എത്തിയത്. സാങ്കേതി തകരാർ മൂലം പോസ്റ്റ് ചെയ്യാനാകാത്ത ഫോട്ടോകളും ഇത്തരത്തിൽ ചോർന്നതായാണ് റിപ്പോർട്ട്. ഫെയ്‌സ്ബുക്ക് സ്റ്റോറീസ് ആയി പോസ്റ്റ് ചെയ്ത ഫോട്ടോകളും ചോർന്നിട്ടുണ്ട്.

ഏതെല്ലാം ആപ്പുകളാണ് ഇത്തരത്തിൽ തകരാർ ഉണ്ടാക്കിയത് എന്ന് സംബന്ധിച്ച വിവരങ്ങൾ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ അറിയിക്കുമെന്നും, ചോർന്ന ഫോട്ടോകൾ നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്.

കേംബ്രിഡ്‌ജ് അനലെറ്റിക്ക ഡാറ്റാ വിവാദത്തെ തുടർന്ന് സുരക്ഷാ ഭീഷണികളുടെ കാര്യത്തിൽ സൂക്ഷമ പരിശോധനകൾ നടത്തി വരികയാണ് ഫെയ്‌സ്ബുക്ക്. കഴിഞ്ഞ മാസം 120 മില്ല്യൻ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈൻ സൈറ്റിലൂടെ വിൽപ്പനയ്ക്ക് വച്ചിരുന്നു എന്ന് ബിബിസി റഷ്യയുടെ റിപ്പോർട്ട് ഉണ്ടായിരുന്നു.

ഇതിനെ തുടർന്ന് ഫെയ്‌സ്ബുക്കിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ സ്വന്തം പ്രൊഫൈലിന്റെ കോഡ് മറ്റുള്ളവർ എങ്ങിനെ കാണുന്നു എന്നറിയാനായി പ്രിവ്യു സംവിധാനം ഫെയ്‌സ്ബുക്ക് ഒരുക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook