ന്യൂഡല്‍ഹി: വീട്ടുപകരണങ്ങളുടെ വിപണി പിടിക്കാന്‍ രണ്ടാമതൊരു വരവിന് തയ്യാറെടുത്ത് ടാറ്റ. ടാറ്റയുടെ ഭാഗമായ വോള്‍ട്ടാസ് ചെയര്‍മാന്‍ നൊവേല്‍ ടാറ്റയാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. റെഫ്രിജറേറ്റര്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മൈക്രോവേവ് ഓവണ്‍, ഡിഷ്‍വാഷര്‍ എന്നീ ഉപകരണങ്ങള്‍ ഓഗസ്റ്റിൽ കമ്പനി അവതരിപ്പിക്കും. വോള്‍ട്ടാസ് ബ്രാന്‍ഡിലാണ് ഉപകരണങ്ങള്‍ പുറത്തിറക്കുക.
വോള്‍ട്ടാസ് ബ്രാന്‍ഡിന്റെ കീഴില്‍ 1998 വരെ റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ എന്നിവ കമ്പനി വിപണയിലെത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് എസി, മൊബൈല്‍ ഫോണ്‍, ടിവി എന്നിവയിലേക്ക് മാത്രമായി ചുരുങ്ങി. എന്നാല്‍ സാംസങ്, എല്‍ജി എന്നീ കമ്പനികള്‍ക്കായി 2003 വരെ വോള്‍ട്ടാസ് കോണ്‍ട്രാക്‌ട് അടിസ്ഥാനത്തില്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കി.
തുര്‍ക്കിയുടെ ആര്‍സെലിക് കമ്പനിയുമായി ചേര്‍ന്നായിരിക്കും ഉപകരണങ്ങള്‍ പുറത്തിറക്കുക. ഒക്ടോബറില്‍ ഉത്സവകാലം വരുന്നതോടെ വിപണി പിടിക്കാനാണ് ടാറ്റയുടെ നീക്കം. കൊറിയന്‍, ചൈനീസ് ഉപകരണങ്ങളെ അപേക്ഷിച്ച് മികച്ച വിലയിലും ഗുണനിലവാരത്തിലും ആയിരിക്കും ഉപകരണം പുറത്തിറക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.