ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 8 പ്ലസ് ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ പൊട്ടിത്തെറിച്ചതായി പരാതി. തായ്‍വാനില്‍ നിന്നുളള ഒരു യുവതിയാണ് ഇത് സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്. സെപ്റ്റംബര്‍ 23ന് വാങ്ങിയ 64ജിബി കപ്പാസിറ്റിയുളള ഐഫോണ്‍ 8 പ്ലസ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഫോണ്‍ വാങ്ങി മൂന്ന് ദിവസത്തിന് ശേഷം ചാര്‍ജ് വച്ച് മൂന്ന് മിനിറ്റിന് ശേഷമാണ് പൊട്ടിത്തറി ഉണ്ടായത്. ഫോണ്‍ പൂര്‍ണമായും പൊട്ടിത്തെറിച്ചില്ലെങ്കിലും സ്ക്രീന്‍ ചൂടായി പുറത്തേക്ക് തളളി വന്നിട്ടുണ്ട്. ആപ്പിളിന്റെ തന്നെ ചാര്‍ജര്‍ തന്നെയാണ് ഉപയോഗിച്ചതെന്നും ഫോണില്‍ തീ കണ്ടപ്പോള്‍ തന്നെ ചാര്‍ജര്‍ ഊരിയതായും യുവതി പറഞ്ഞു. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണിന്‍റെ മുന്‍വശം അടര്‍ന്ന് പോയ ചിത്രങ്ങള്‍ ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഫോണ്‍ തിരികെ ആപ്പിളിന് കൈമാറിയിരിക്കുകയാണ് യുവതി. ജപ്പാനിലും പുതിയ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് പൊട്ടിയ ഫോണാണ് ലഭിച്ചതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. തായ്‍വാനില്‍ നിന്നുള്ള പരാതി ലഭിച്ചെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നും ആപ്പിള്‍ വ്യക്തമാക്കി. ബാറ്ററിയുടെ പ്രശ്നമാകാന്‍ സാധ്യതയുണ്ടെന്നും ഫോണ്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നില്ലെന്നുമാണ് ആപ്പിൾ അവകാശപ്പെടുന്നത്. സെപ്റ്റംബര്‍ 22നാണ് ആപ്പിൾ ഐഫോണ്‍ 8, 8 പ്ലസും പുറത്തിറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ