ബെയ്ജിങ്: മൃതദേഹങ്ങളില്‍ വളരെ വിജയകരമായി തലമാറ്റിവയ്ക്കല്‍ ചെയ്തുവെന്ന അവകാശവാദവുമായി സർജൻ രംഗത്ത്. സെര്‍ജിയോ കനാവെരോ എന്ന സര്‍ജനാണ് മനുഷ്യന്റെ തല മാറ്റിവയ്ക്കാനാകുമെന്ന് അവകാശപ്പെടുന്നത്. മൃതദേഹങ്ങളിലെ തല മാറ്റിവയ്ക്കല്‍ വിജയകരമായിരുന്നുവെന്ന് കനാവെരോ പറഞ്ഞു. നട്ടെല്ലിനെയും നാഡികളെയും രക്തക്കുഴലുകളെയും യോജിപ്പിക്കാന്‍ താന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സങ്കേതത്തിന് സാധിക്കുമെന്നും കനാവെരോ പറഞ്ഞു.

ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കാനവെരോയുടെ ഈ അവകാശവാദം വിവിധ വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ടുറിന്‍ അഡ്വാന്‍സ്ഡ് ന്യൂറോമോഡുലേഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറായ സെര്‍ജിയോ കാനവേരോ മെഡിക്കല്‍ സംഘവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ രണ്ട് ആളുകളുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചു. ഡോ. ഷ്യോപിങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കുരങ്ങന്റെ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നു. നാഡികളിലുണ്ടായ വൈദ്യുത ഉത്തേജനം ശസ്ത്രക്രിയ വിജയിച്ചതിന് തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മൃതദേഹങ്ങളിലെ തല മാറ്റിവയ്ക്കല്‍ വിജയകരമായതോടെ ഇനി മനുഷ്യരിലും ഈ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുകയാണ് സെർജിയോ. റഷ്യക്കാരനായ വലേറി സ്പിരിഡിനോവ് എന്നയാളാണ് ഈ ശസ്ത്രക്രിയക്കായി സന്നദ്ധത അറിയിച്ച് കനാവെരോയെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ തല മറ്റൊരു ശരീരത്തില്‍ ഘടിപ്പിക്കാനാണ് പദ്ധതി. മസ്തിഷ്‌ക മരണം സംഭവിച്ച ശരീരത്തിലായിരിക്കും തല ഘടിപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ