/indian-express-malayalam/media/media_files/2026/02/03/whatsapp-meta-2026-02-03-17-08-36.jpg)
Supreme Court Slams WhatsApp Over Data Sharing (എഐ നിർമിത ചിത്രം)
Supreme Court Warns WhatsApp: ഡൽഹി: രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ പരിഹസിക്കുന്ന തരത്തിലാണ് വാട്‌സാപ്പും മെറ്റാ പ്ലാറ്റ്‌ഫോമുകളും പ്രവർത്തിക്കുന്നതെന്ന് സുപ്രീം കോടതി. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ കമ്പനികൾ രാജ്യം വിട്ടുപോക്കോളൂ എന്നും സുപ്രീം കോടതി കർശന മുന്നറിയിപ്പ് നൽകി.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട നയത്തിൽ വാട്‌സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും എതിരെ രൂക്ഷവിമർശനമാണ് സുപ്രീം കോടതി ഉയർത്തിയത്. സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനുള്ള പരിഷ്കൃതമായ മാർഗമാണിതെന്ന് വിശേഷിപ്പിച്ച കോടതി, രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിച്ചത്.
Also Read: ലോക്‌സഭയിലെ പ്രതിപക്ഷ ബഹളം; ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കം 8 എംപിമാർക്ക് സസ്‌പെൻഷൻ
വാട്‌സാപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ മെറ്റയും വാട്‌സാപ്പും സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി. വിവരങ്ങൾ പങ്കുവെക്കില്ലെന്ന് മാനേജ്‌മെന്റ് സത്യവാങ്മൂലം നൽകാൻ തയ്യാറാണോ എന്ന് കോടതി കമ്പനികളോട് ചോദിച്ചു. അല്ലാത്തപക്ഷം വിവരങ്ങൾ പങ്കുവെക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിടുമെന്നും മുന്നറിയിപ്പ് നൽകി. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി ഫെബ്രുവരി 9-ലേക്ക് മാറ്റിവെച്ചു.
വാട്‌സാപ്പിന്റെ 2021-ലെ സ്വകാര്യതാ നയത്തെ ഭരണഘടനാ തത്വങ്ങളെ പരിഹസിക്കൽ എന്നാണ് കോടതി വിമർശിച്ചത്. വിപണിയിൽ വാട്‌സാപ്പിന് നിലവിലുള്ള കുത്തക അധികാരം ഉപയോഗിച്ച് ഉപയോക്താക്കളെക്കൊണ്ട് നിർബന്ധപൂർവം സമ്മതിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് സിംഹവും ആട്ടിൻകുട്ടിയും തമ്മിലുള്ള കരാർ പോലെയാണ്. ഒന്നുകിൽ വാട്‌സാപ്പ് ഉപേക്ഷിക്കുക, അല്ലെങ്കിൽ വിവരങ്ങൾ പങ്കുവെക്കുക എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഉപയോക്താക്കൾക്ക് മറ്റ് വഴികളില്ലാത്തതിനാൽ നൽകുന്ന സമ്മതം നിർമ്മിതമായ സമ്മതം മാത്രമാണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. പൗരന്മാരുടെ സ്വകാര്യത അതീവ ജാഗ്രതയോടെ സംരക്ഷിക്കപ്പെടുന്ന രാജ്യമാണിത്. വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെ അത് വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും ഇതൊരുതരം ഡാറ്റ മോഷണമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സാധാരണക്കാർക്ക് മനസ്സിലാകാത്ത വിധം അതീവ തന്ത്രപരമായ ഭാഷയിലാണ് കമ്പനികളുടെ കരാറുകൾ തയ്യാറാക്കിയിരിക്കുന്നത്. സാധാരണക്കാർക്ക് ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്ട്‌സ്ആപ്പ് എന്തിനാണ് പ്രവർത്തിക്കുന്നത്? ഡാറ്റ ശേഖരിക്കാനോ വിൽക്കാനോ പങ്കിടാനോ അല്ല നിങ്ങൾ പ്രവർത്തിക്കുന്നത്. സന്ദേശമയയ്ക്കൽ ആശയവിനിമയ സേവനങ്ങൾ നൽകാനാണ് വാട്സ്ആപ്പ് പ്രവർത്തിക്കുന്നതെന്നും," കോടതി വ്യക്തമാക്കി.
Read More: എപ്സ്‌റ്റൈൻ കേസ്: മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും ഹിലരി ക്ലിന്റണും കോൺഗ്രസിന് മുന്നിൽ മൊഴി നൽകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us