Spotify launches Greenroom app, its direct Clubhouse competitor: ക്ലബ്ഹൗസ് ആപ്പിന് പുതിയ എതിരാളിയായി സ്പോട്ടിഫൈ ഗ്രീൻറൂം ആപ്പ് പുറത്തിറക്കി. ക്ലബ്ഹൗസ് പോലെ ലൈവ് ഓഡിയോ ചാറ്റിങ് ആപ്പായാണ് ഗ്രീൻറൂം എത്തുന്നത്. ഈ വർഷം മാർച്ചിൽ, ലൈവ് ഓഡിയോ ഫോർമാറ്റിൽ പ്രവർത്തിച്ചിരുന്ന ലോക്കർ റൂം ആപ്പിന്റെ നിർമാതാക്കളായ ബെറ്റി ലാബ്‌സിനെ സ്പോട്ടിഫൈ സ്വന്തമാകുന്നതായി പ്രഖ്യാപിച്ചിരുന്നു. ലോക്കർ റൂമിന്റെ നവീകരിച്ച പതിപ്പായാണ് ഗ്രീൻറൂം എത്തുന്നത്.
ലോകത്തിലെ 135 ഓളം രാജ്യങ്ങളിൽ ആൻഡ്രോയിഡിലും ഐഓഎസിലുമായി സ്പോട്ടിഫൈ ഗ്രീൻറൂം ലഭ്യമാകും. സ്‌പോട്ടിഫൈയിനെ മികച്ചതാക്കിയ ക്രിയേറ്റർമാരെയും കലാകാരന്മാരെയും മനസ്സിൽ കണ്ടുകൊണ്ടാണ് ആപ്പ് നിർമിച്ചരിക്കുന്നതെന്ന് സ്പോട്ടിഫൈ അവരുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
പുതിയ ലുക്കിലും ബ്രാൻഡിങ്ങിലുമാണ് സ്പോട്ടിഫൈ ഗ്രീൻറൂം എത്തുന്നത്. സ്പോട്ടിഫൈ ഉപയോക്താക്കൾക്ക് അവരുടെ സ്പോട്ടിഫൈ ഐഡി ഉപയോഗിച്ചു തന്നെ ഗ്രീൻറൂം ഉപയോഗിക്കാൻ കഴിയും. ഉപയോക്താക്കളുടെ താല്പര്യത്തിനു മുൻഗണന നൽകുന്ന ഒരു അനുഭവവും ആപ്പ് നൽകുമെന്ന് കമ്പനി പറയുന്നു.

ഗ്രീൻറൂമിൽ റെക്കോർഡിങ് സംവിധാനം ഉണ്ടാവുമെന്നും കമ്പനി പറയുന്നു. ഉപയോക്താക്കൾക്ക് വേണമെങ്കിൽ ലൈവ് സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. ഗ്രീൻറൂമിൽ ഗ്രൂപ്പുകൾ നിർമിക്കാനും, വരാനിരിക്കുന്ന റൂമുകൾ സെർച്ച് ചെയ്യാനും, സ്വന്തമായി റൂം നിർമിക്കാനും മറ്റു റൂമുകളിൽ ജോയിൻ ചെയ്യാനും സാധിക്കും.
Read Also: WhatsApp: വാട്സ്ആപ്പിൽ ഉടൻ ലഭ്യമായേക്കാവുന്ന അഞ്ച് ഫീച്ചറുകൾ
സ്പോട്ടിഫൈ ക്രിയേറ്റർ ഫണ്ട് എന്ന പേരിൽ സ്പോട്ടിഫൈ ക്രിയേറ്റർമാർക്ക് അവരുടെ ലൈവ് ഓഡിയോകൾ വഴി വരുമാനം നേടാനുള്ള പദ്ധതിയും പ്രഖ്യാപിക്കുന്നുണ്ട്. ക്ലബ്ഹൗസിനും ഇതുപോലെ ക്രിയേറ്റർ ഫണ്ട് ഉണ്ട്. ഇന്നലെയാണ് അത് ഇന്ത്യയിൽ ലഭ്യമാക്കിയത്. സ്പോട്ടിഫൈയുടെ ക്രിയേറ്റർ ഫണ്ട് ഈ മാസം അവസാനത്തോടെയാകും തുടങ്ങുക.