ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ ആഴ്ചയാണ് പബ്ജി ഉൾപ്പടെയുള്ള 118 മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചത്. ഗെയിമിങ് പ്ലാറ്റ്ഫോമായ പബ്ജിയുടെ നിരോധനം ഇന്ത്യയിലെ ലക്ഷകണക്കിന് വരുന്ന പബ്ജി ആരാധകരെ നിരശരാക്കിയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കിപ്പുറം തിരിച്ചുവരവിന്റെ സൂചന നൽകുകയാണ് ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള പബ്ജി കോർപ്പറേഷൻ. കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് പബ്ജി കോർപ്പറേഷൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ചൈനീസ് ടെക് ഭീമന്മാരായ ടെൻസെന്റ് ഗെയിംസിനെ മാറ്റിനിർത്തി തങ്ങളുടെ ഗെയിമുകൾ നേരിട്ട് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
“ഗെയിം കളിക്കുന്നവരുടെ സ്വകാര്യതയും സുരക്ഷയും കമ്പനിയുടെ മുൻഗണനയായതിനാൽ സർക്കാർ സ്വീകരിച്ച നടപടികളെ പബ്ജി കോർപ്പറേഷൻ പൂർണ്ണമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും പൂർണമായും പാലിക്കുമ്പോൾ ഗെയിമർമാർക്ക് വീണ്ടും യുദ്ധക്കളത്തിലേക്ക് ഇറങ്ങാൻ അനുവദിക്കുന്ന ഒരു പരിഹാരം കണ്ടെത്താൻ ഇന്ത്യൻ സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കാമെന്നും കരുതുന്നു,” ബ്ലോഗ്സ്‌പോട്ടിൽ വ്യക്തമാക്കി.
Also Read: പബ്ജി ചൈനീസ് ആപ്ലിക്കേഷനോ? നിരോധനത്തിന് പിന്നിലെ വസ്തുതകൾ
ടെൻസെന്റ് ഗെയിംസിന് ഇന്ത്യയിൽ ഇനിമുതൽ പബ്ജി മൊബൈൽ ഫ്രാഞ്ചൈസിയുടെ അംഗീകാരം ഉണ്ടായിരിക്കില്ല. പകരം പബ്ജി കോർപ്പറേഷൻ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചു. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കുന്ന കാര്യങ്ങളിൽ കമ്പനിക്ക് തന്നെ തീരുമാനമെടുക്കാം. ഇതിനാലാണ് പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ കാര്യങ്ങൾ കൊറിയൻ കമ്പനിയുടെ അധീനതയിലേക്ക് തന്നെ മാറ്റാൻ നിർദ്ദേശിക്കുന്നത്.
Also Read: പബ്‌ജിക്ക് പകരമാവാൻ ഫൗ-ജി: ഇന്ത്യയിൽ നിർമിച്ച ഗെയിം ഉടൻ പുറത്തിറങ്ങും
ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമായ പബ്ജി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഒരു ഫൈറ്റർ ഗെയിമാണ് പബ്ജി. മൊബൈലിൽ മാത്രമല്ല പിസി, പ്ലേ സ്റ്റേഷൻ, എക്സ്ബോക്സ് എന്നിവയിലും കളിക്കാൻ സാധിക്കുന്ന ഗെയിം 2017ലാണ് ലോഞ്ച് ചെയ്തത്. ഉപേക്ഷിക്കപ്പെട്ട ദ്വീപിലേക്ക് 100 കളിക്കാർ ചാടി അതിനെ യുദ്ധക്കളമാക്കി മാറ്റുന്നതിലൂടെയാണ് കളി ആരംഭിക്കുന്നത്. പോരാട്ടത്തിനൊടുവിൽ അവശേഷിക്കുന്ന അവസാനത്തെ ആളായിരിക്കും വിജയി ആകുന്നതും ‘ചിക്കൻ ഡിന്നർ’ സ്വന്തമാക്കുന്നതും.