കൊറോണ വൈറസ് വ്യാപനം തടയാനായി ആളുകളുടെ ചലനം നിരീക്ഷിക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ഇതിനായി പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സഹായം സര്‍ക്കാര്‍ തേടി. രാജ്യത്തിന്റെ വിദൂര മേഖലകളിലേക്കു വൈറസ് വ്യാപിക്കുമെന്ന ആശങ്കയ്ക്കിടെ ലോക്ക്ഡൗണിനു തയാറെടുക്കുകയാണ് ദക്ഷിണാഫ്രിക്ക.

ജനങ്ങളുടെ സഞ്ചാരം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതോടെ കൂടുതല്‍ പ്രശ്‌ന സാധ്യതയുള്ള മേഖലകളില്‍ മികച്ച പ്രതിരോധപ്രവര്‍ത്തനം നടത്താനാകുമെന്നാണു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് പറയുന്നത്. ഇതുവരെ, രോഗം സ്ഥിരീകരിച്ച മിക്ക കേസുകളും പ്രധാന നഗരപ്രദേശങ്ങളിലോ സമീപത്തോ യൂറോപ്പില്‍നിന്ന് മടങ്ങുന്ന സമ്പന്നരായ യാത്രക്കാരുമായി ബന്ധപ്പെട്ടോ ആണ്.

ആളുകളുടെ സഞ്ചാരം സംബന്ധിച്ച ഉയര്‍ന്ന തലത്തിലുള്ള മൊത്തം വിവരങ്ങളാണു സര്‍ക്കാര്‍ തേടിയിരിക്കുന്നതെന്നു ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ വോഡകോം ഗ്രൂപ്പ് ലിമിറ്റഡ് വക്താവ് ബൈറോണ്‍ കെന്നഡി പറഞ്ഞു. ”ഇതില്‍ ഒരു പ്രത്യേക വ്യക്തിയെ തിരിച്ചറിയുന്ന വിവരങ്ങളോ മറ്റു വ്യക്തിഗത വിവരങ്ങളോ ഉള്‍പ്പെടുന്നില്ല. സ്വകാര്യത നിയമങ്ങള്‍ ലംഘിക്കുകയുമില്ല,” അദ്ദേഹം പറഞ്ഞു.

വോഡകോമിന്റെ ഏറ്റവും വലിയ എതിരാളിയായ എംടിഎന്‍ ഗ്രൂപ്പ് ലിമിറ്റഡ് തങ്ങളുടെ മൊബിലിറ്റി വിവരങ്ങള്‍ സര്‍ക്കാരിനു ലഭ്യമാക്കുമെന്ന് അറിയിച്ചു.

Read Also: ക്ഷീണിതരായി തുടങ്ങിയിരുന്നു; ഈ വിശ്രമം സ്വാഗതാർഹമെന്ന് രവി ശാസ്ത്രി

വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ ഇന്നലെ അര്‍ധരാത്രി ആരംഭിച്ചു. ആളുകള്‍ക്കു യാത്ര ചെയ്യാന്‍ മതിയായ സമയം നല്‍കിക്കൊണ്ടാണു പ്രസിഡന്റ് സിറില്‍ റമാഫോസ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനു മൂന്നുദിവസത്തിനുശേഷമാണു ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. നിരവധി ദക്ഷിണാഫ്രിക്കക്കാര്‍ ജൊഹന്നാസ്ബര്‍ഗിലെ സാമ്പത്തിക കേന്ദ്രമായ ഗൗട്ടെങ്ങില്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തെ 1,170 സ്ഥിരീകരിച്ച കേസുകളില്‍ 40 ശതമാനവും ഈ പ്രവിശ്യയിലാണ്.

എങ്കിലും ലോക്ക്ഡൗണ്‍ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കുന്നതു ബുദ്ധിമുട്ടായിരിക്കുമെന്നു സ്റ്റെല്ലന്‍ബോഷ് സര്‍വകലാശാലയിലെ ആരോഗ്യ നേതൃത്വ-മാനേജ്‌മെന്റ് വിഭാഗം സീനിയര്‍ ലക്ചറര്‍ കെറിന്‍ ബെഗ് പറഞ്ഞു.

ഗ്രാമീണ മേഖലകളായ ക്വാസുലു-നതാല്‍, ഈസ്റ്റേണ്‍ കേപ്പ് എന്നിവ ഉള്‍പ്പെടെയുള്ള ദക്ഷിണാഫ്രിക്കയുടെ വിദൂര പ്രദേശങ്ങളെ വൈറസ് ബാധിച്ചേക്കാമെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ കേസുകളില്‍ വര്‍ധനവുണ്ടാകുമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook