സാങ്കേതികവിദ്യയുടെ പുരോഗമനത്തിന്‍റെ ഫലമായി ജീവിതം അനായാസമാക്കുന്ന നിരവധി സാങ്കേതിക ഉപകരണങ്ങള്‍ നമുക്കുണ്ട്. പക്ഷേ, വേനല്‍ക്കാലത്ത് യാത്ര ചെയ്യുമ്പോഴോ എയര്‍കണ്ടീഷന്‍ സംവിധാനമില്ലാതെ പുറത്തെവിടെയെങ്കിലും ഇരിക്കേണ്ടി വരുമ്പോഴോ പൊള്ളിക്കുന്ന ചൂടിനെ എങ്ങനെ അതിജീവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

‘ധരിക്കാനാവുന്ന എയര്‍കണ്ടീഷണര്‍’ എന്നൊന്നുണ്ടെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ടോ?. കടുത്ത വേനലിനെ അതിജീവിക്കാന്‍ അത്തരത്തിലൊരു ഉപകരണം തയ്യാറാക്കാനുള്ള പദ്ധതി സോണി കമ്പനി തുടങ്ങിക്കഴിഞ്ഞു. സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി പ്രയോജനപ്പെടുത്തി, ‘റിയോണ്‍ പോക്കറ്റ്’ എന്ന് വിളിക്കുന്ന ‘ധരിക്കാവുന്ന എയര്‍കണ്ടീഷണര്‍’ സോണി വികസിപ്പിച്ചെടുത്ത് കഴിഞ്ഞു. ചൂട് കൂടുമ്പോഴും ശരീരത്തെ തണുപ്പിക്കാന്‍ ഈ ഉപകരണത്തിനാകുമെന്ന് ‘ടെക്ജെനിസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

വസ്ത്രത്തിന് അകത്തോ പുറത്തോ ധരിക്കാവുന്നതും എളുപ്പത്തില്‍ കൊണ്ട് നടക്കാവുന്നതുമായ ഈ ഉപകരണം സ്മാര്‍ട്ട്ഫോണുപയോഗിച്ച് നിയന്ത്രിക്കാനാകും.

സോണിയുടെ ‘റിയോണ്‍ പോക്കറ്റ്’ എന്ന പുതിയ ഉപകരണം കത്തുന്ന ചൂടില്‍ നിന്ന് മാത്രമല്ല, കടുത്ത തണുപ്പില്‍ നിന്നും ആശ്വാസം നല്‍കും. പോക്കറ്റിലൊതുങ്ങുന്ന ഉപകരണം ചെറിയ ബാഗിലോ അല്ലെങ്കില്‍ അടിവസ്ത്രത്തിലോ ഘടിപ്പിക്കാനാകും. ആവശ്യമനുസരിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് താപനില ക്രമീകരിക്കാം.

ഈ ചെറിയ ഉപകരണത്തിലുള്ള പെല്‍റ്റിയര്‍ എലമെന്‍റിന് ഫലപ്രദമായ് ചൂടും തണുപ്പും ക്രമീകരിക്കാനാകും. കുറഞ്ഞ ഊര്‍ജ്ജമുപയോഗിച്ച് കൂടുതല്‍ നേരം തണുപ്പ് നിലനിര്‍ത്തേണ്ടി വരുന്ന ഉപകരണങ്ങളായ കാറുകള്‍, വൈന്‍ കൂളേഴ്സ് എന്നിവയിലാണ് ഈ സംവിധാനം ഉപയോഗിക്കാറുള്ളത്.

ധരിക്കാവുന്ന എയര്‍ കണ്ടീഷണുകള്‍ ഘടിപ്പിക്കുന്നതിനായ് രൂപകല്‍പന ചെയ്തിരിക്കുന്ന അടിവസ്ത്രങ്ങള്‍ സ്മോള്‍, മീഡിയം, ലാര്‍ജ് എന്നീ സൈസുകളില്‍ ലഭ്യമാണെങ്കിലും പുരുഷന്‍മാര്‍ക്കുളളത് മാത്രമാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പുറകില്‍ ഉപകരണം ഇറക്കി വയ്ക്കാനുള്ള പോക്കറ്റുമായാണ് അടിവസ്ത്രം തയ്യാറാക്കിയിരിക്കുന്നത്.

ഉപയോഗം കൂടുതല്‍ സൌകര്യപ്രദമാക്കുവാന്‍ രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ദിവസം മുഴുവന്‍ നില്‍ക്കുന്ന ലിഥിയം-അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. കനം കുറഞ്ഞതും ഏകദേശം 54 x 20 x 116 മില്ലി മീറ്റര്‍ വലുപ്പമുള്ളതുമായ ഉപകരണം, ബ്ലൂടൂത്ത് വഴി ഫോണുമായ് ബന്ധിപ്പിക്കാം.

14,080 യെന്‍ (ജപ്പാന്‍ കറന്‍സി) ആണ് ഒരു ഉപകരണത്തിന്‍റെ വില. ഒരു ഉപകരണവും അഞ്ച് അടിവസ്ത്രങ്ങളും ഉള്ളതിന്‍റെ വില 19,030 യെന്‍. നിലവില്‍ ഈ ഉപകരണം ജപ്പാനില്‍ മാത്രമാണുള്ളത്. പ്രതീക്ഷിക്കുന്ന ലാഭം കിട്ടിയില്ലെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ പുറത്തിറക്കില്ല.

Read More Tech News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook