ചെന്നൈ: മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളില്‍ നിന്നും സംഗീത സംവിധായകന്‍ ഇളയരാജയുടെ പാട്ടുകള്‍ നീക്കം ചെയ്തു. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇളയരാജ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പാട്ടുകള്‍ നീക്കം ചെയ്തത്. ഇതോടെ സംഗീത പ്രേമികള്‍ക്ക് ഇനി ഇളയരാജയുടെ പാട്ടുകള്‍ സ്മ്യൂളില്‍ പാടാനാകില്ല. ഫ്രീ ആയിട്ടാണ് സ്മ്യൂള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. എന്നാല്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതിന് മാസം 110 രൂപയും വര്‍ഷത്തില്‍ 1,100 രൂപയും അടയ്ക്കണം.

ഒരു പാട്ടിന്റെ പൂര്‍ണ അവകാശം സംഗീത സംവിധായകനില്‍ നിക്ഷിപ്തമാണെന്ന് ഇളയരാജയുടെ കോപ്പി റൈറ്റ് ഉപദേഷ്ടാവ് ഇ.പ്രദീപ് കുമാര്‍ പറഞ്ഞു. തങ്ങളോട് അനുവാദം കൂടാതെയാണ് കരോക്കെ ഉപയോഗിക്കുന്നതെന്നും അതുകൊണ്ടാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. “സമ്യൂള്‍ പണം ഈടാക്കുന്ന സൈറ്റാണ്. അവര്‍ നന്നായിട്ട് പണം നേടുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ അവര്‍ക്ക് നല്ല വിപണിയാണ്”, പ്രദീപ് വ്യക്തമാക്കി.

ഇതേ ആരോപണം ഉന്നയിച്ചാണ് മാര്‍ച്ചില്‍ ഇളയരാജ എസ്.പി.ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കും ചരണിനും വക്കീല്‍ നോട്ടീസ് അയച്ചത്. ഇളയരാജയുടെ പാട്ടുകള്‍ ഗാനമേളയ്ക്ക് പാടുന്നതിന് മുന്‍പായി അനുമതി തേടുകയും റോയല്‍റ്റി നല്‍കുകയും ചെയ്യണമെന്ന് അന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

അനുവാദമില്ലാതെ തന്റെ പാട്ട് ഉപയോഗിക്കുന്നവര്‍ക്കെതിരെ നേരത്തെയും ഇളയരാജ രംഗത്ത് വന്നിട്ടുണ്ട്. തന്റെ പാട്ടുകള്‍ ഉപയോഗിക്കുന്ന ടെലിവിഷന്‍, റേഡിയോ ചാനലുകള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന് അദ്ദേഹം 2015ല്‍ ഭീഷണി മുഴക്കിയിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ പാട്ട് അനുവാദമില്ലാതെ ഉപയോഗിക്കാന്‍ ഒരു സംഗീതജ്ഞരും അനുവദിക്കാറില്ലെന്നും ഇളയരാജയുടെ നിയമസംഘം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ