കൂവത്തൂര്‍: തമിഴ്നാട്ടിലെ പേരു കേട്ട റിസോര്‍ട്ടാണ് കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട്. തമിഴ്നാ്ടിലെ രാഷ്ട്രീയ ജെല്ലിക്കെട്ടിനിടെ എംഎല്‍എമാരെ ശശികല പാര്‍പ്പിച്ചിരുന്നത് ഇവിടെയാണ്. എംഎല്‍എമാരെ അന്യായമായി ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണം റിസോര്‍ട്ടിന് തിരിച്ചടിയായി. നിരവധി പേരാണ് റിസോര്‍ട്ടിന് മോശം നിലവാരം ആണെന്ന് കാണിച്ച് ഗൂഗിളില്‍ റേറ്റിംഗ് നല്‍കിയിരിക്കുന്നത്.

വാട്ടര്‍ സ്കീയിംഗും മസാജ് സൗകര്യവുമൊക്കെ റിസോര്‍ട്ടിനെ ടൂറിസ്റ്റുകളുടെ ഇഷ്ട അഭയകേന്ദ്രമാക്കി മാറ്റിയിരുന്നു. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട റിസോര്‍ട്ട് ഒരു ദ്വീപ് പോലെ തോന്നിക്കുന്നതാണ്. ടൂറിസ്റ്റുകള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്തുന്നതിലും റിസോര്‍ട്ട് മുന്നിട്ട് നിന്നു.

എന്നാല്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടെ നൂറുകണക്കിന് എംഎല്‍മാര്‍ക്കും ശശികലയ്ക്കും അഭയകേന്ദ്രമായി മാറിയ റിസോര്‍ട്ടിനെ കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് ഗൂഗിള്‍ റിവ്യൂയില്‍ വ്യാപകമാകുന്നത്.

ഭൂമിയില്‍ ഒളിച്ചിരിക്കാന്‍ പറ്റിയ നല്ല സ്ഥലം. മൊബൈല്‍ ട്രാക്കിങ്ങോ മറ്റ് സുരക്ഷാപ്രശ്നങ്ങളോ ഇല്ലാത്ത റിസോര്‍ട്ട്. മന്നാര്‍ഗുഡി മാഫിയയ്ക്കൊപ്പം ഒളിച്ചിരിക്കാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക സൌജന്യ നിരക്കില്‍ താമസസൗകര്യമെന്നുമാണ് ഒരാള്‍ ഗൂഗിളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മോശം അഭിപ്രായം രേഖപ്പെടുത്തിയ കമന്റുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലം നല്ലൊരു റിസോര്‍ട്ട് വേറെ കിട്ടാനില്ല. ഹോട്ടലില്‍ നടത്തുന്ന പ്രലോഭന പരിപാടികളും മികച്ചതാണ്, മറ്റൊരാള്‍ കുറിച്ചു. തമിഴ്നാട് മുഴുവന്‍ വെറുക്കുന്ന ആള്‍ക്കാര്‍ക്ക് അഭയകേന്ദ്രമായി മാറിയ റിസോര്‍ട്ട് ഏറ്റവും മോശം റിസോര്‍ട്ട് ആണെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

ഗോൾഡൻ ബേ റിസോർട്ടിൽ കഴിയുന്ന എംഎൽഎ മാരെ പുറത്തിറക്കാനുള്ള തീരുമാനത്തിൽ നിന്ന് പൊലീസ് പിൻവാങ്ങിയതായാണ് വിവരം. ഇന്ന് ഇവരെ പുറത്താക്കില്ലെന്നാണ് വിവരം. എംഎൽഎ മാർ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസിന്റെ പിന്മാറ്റം.

എംഎൽഎ മാരെ ബലം പ്രയോഗിച്ച് പുറത്തിറക്കാനുള്ള പൊലീസ് തീരുമാനത്തിന് പിന്നിൽ പനീർശെൽവം പക്ഷമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എംഎൽഎ മാരെ ബലം പ്രയോഗിച്ച് പുറത്തിറക്കാൻ ശ്രമിച്ചാൽ അത് ശത്രുതയ്‌ക്ക് കാരണമാകുമെന്നും വിലയിരുത്തലുണ്ട്. റിസോർട്ടിലുള്ള എംഎൽഎ മാരെ സ്വന്തം പക്ഷത്തെത്തിക്കാനാണ് ഇപ്പോൾ പനീർശെൽവം പക്ഷത്ത് നിന്ന് ചരടുവലികൾ നടക്കുന്നത്.

കൂവത്തൂരിലെ റിസോർട്ടിൽ നിന്ന് അന്പതോളം പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ എഐഎഡിഎംകെ പ്രവർത്തകരാണെന്നാണ് കരുതപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ