ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രണ്ടാം തവണയും നീട്ടിയെങ്കിലും രോഗവ്യാപനവും രോഗികളും കുറവുള്ള ഓറഞ്ച് ഗ്രീൻ സോണുകളിൽ സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവശ്യ സാധനങ്ങളല്ലാത്ത സാധനങ്ങളുടെ വിൽപ്പനയാണ്. റെഡ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ഇ കോമേഴ്സ് സൈറ്റുകൾക്കും പ്രവർത്തനം തുടങ്ങാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നീ സൈറ്റുകൾ ഓർഡറുകൾ സ്വീകരിച്ചും തുടങ്ങി.

സ്മാർട്ഫോണുകളും നിങ്ങൾക്ക് വാങ്ങാൻ ഈ അവസരത്തിൽ സാധിക്കും. ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പടെയുള്ള ഈ കോമേഴ്സ് സ്ഥാപനങ്ങൾ വഴിയും സ്മാർട്ഫോൺ കമ്പനികളുടെ ഔദ്യോഗിക സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാൻ സാധിക്കും. എന്നാൽ നിങ്ങൾ റെഡ് സോണിലായിരിക്കരുത്. ഫ്ലിപ്കാർട്ട് ഉൽപ്പന്നം വിൽപ്പനയ്ക്ക് ഉണ്ടെങ്കിലും റെഡ് സോൺ പ്രദേശങ്ങളിൽ നിന്ന് ഓർഡർ വന്നാൽ ഔട്ട് സ്റ്റോക്ക് എന്ന മറുപടിയാണ് നൽകുന്നത്.

Also Read: കോവിഡ്-19: ഫോൺ അണുവിമുക്തമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലവിൽ ചുരുക്കം കമ്പനികൾ മാത്രമേ ഓർഡറുകൾ സ്വീകരിക്കുന്നുള്ളു. ജനപ്രിയ മോഡലായ റിയൽമീ ആമസോണിലും ഫ്ലിപ്കാർട്ടിലും റിയൽമീ ഡോട്ട് കോം വഴിയും ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. “മൂന്നാം ഘട്ടം ലോക്ക്ഡൗൺ ആരംഭിച്ച മേയ് മൂന്ന് അർധരാത്രി മുതൽ വലിയ രീതിയിലാണ് ഓർഡറുകൾ ലഭിക്കുന്നത്. ഫാക്ടറികൾ തുറക്കുന്നത് വരെ വിൽക്കാനാവശ്യമായ നിലവിലുള്ള സ്റ്റോക്ക് മതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” റിയൽമീ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രമുഖ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങ്ങും ഫോണുകളുടെ വിൽപ്പന പുനരാരംഭിച്ചിട്ടുണ്ട്. കമ്പനിയും പ്രധാന ഇ കോമേഴ്സ് സ്ഥാപനങ്ങൾ വഴിയും സാംസങ് ഡോട്ട് കോം വഴിയുമാണ് വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ജനപ്രിയ മോഡലായ ഷവോമിയും വിവോയും അവരവരുടെ സൈറ്റുകൾ വഴിയാണ് വിൽപ്പന ആരംഭിച്ചിരിക്കുന്നത്.

എന്നാൽ പ്രീമിയം ഫോണുകളിലെ വമ്പന്മാരായ ആപ്പിൾ ഇനിയും വിൽപ്പന പുനരാരംഭിച്ചിട്ടില്ല. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 11, ഐഫോൺ എക്സ് ആർ, ഐഫോൺ എക്സ് എന്നീ മോഡലുകൾ ഇപ്പോഴും സൈറ്റുകളിൽ ലഭ്യമല്ല.

Also Read: സുവർണാവസരം; സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു, പുതിയ വില അറിയാം

അതേസമയം സംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു. സാംസങ്ങ് ഗ്യാലക്‌സി എം 21, ഗ്യാലക്‌സി എ 50എസ് എന്നിവയുടെ വിലയാണ് കുറച്ചത്. ജിഎസ്‌ടി നിരക്ക് വർധിച്ചതിനു പിന്നാലെ സാംസങ്ങ് ഫോണുകളുടെ വില വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് ഫോണുകളുടെ വില കുറച്ചത്.

സാംസങ്ങ് ഗ്യാലക്സി എം21 മാർച്ചിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നാല് ജിബി+64 ജിബി മോഡലിന് 13,499 രൂപയും ആറ് ജിബി+128 ജിബി മോഡലിന് 15,499 രൂപയും ആയിരുന്നു. ജിഎസ്‌ടി വർധിച്ചതോടെ ഇത് യഥാക്രമം 14,222 ആയും 16,499 ആയും വർധിച്ചു. എന്നാൽ, ഇപ്പോൾ വിണ്ടും വില കുറച്ചിരിക്കുകയാണ് കമ്പനി. നാല് ജിബി+64 ജിബി പതിപ്പ് ഇനി മുതൽ 13,199 രൂപയ്‌ക്കും ആറ് ജിബി+128 ജിബി പതിപ്പ് 15,499 രൂപയ്‌ക്കും ഇനി ലഭ്യമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook