വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സാംസങ് ഇലക്ട്രോണിക്സ് പുതിയ ഫോണ്‍ പുറത്തിറക്കി. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ് ഫോണായ ഗാലക്സിയുടെ ബേസിക് വേര്‍ഷനായ ഗാലക്സി ജെ2 പ്രോ ആണ് പുറത്തിറക്കിയത്. 3ജി, 4ജി ഡാറ്റാ നെറ്റ്‍വര്‍ക്കുകള്‍ ലഭ്യമാകാത്ത ഫോണില്‍ വൈഫൈ ഉപയോഗിച്ച് മാത്രമാകും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുക. ഇന്ത്യയില്‍ ഫോണ്‍ എത്താന്‍ അല്‍പം കൂടി വൈകും. നിരന്തരമായി ഇന്റര്‍നെറ്റില്‍ ചെലവിട്ട് പരീക്ഷകളില്‍ ശ്രദ്ധയും സമയവും നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാണ് ഫോണ്‍ എന്നാണ് വിലയിരുത്തല്‍.
അത്പോലെ നിരന്തരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത മുതിര്‍ന്നവരേയും കമ്പനി ഈ മോഡലിലൂടെ ലക്ഷ്യമിടുന്നുണ്ട്. 8 എംപി പിന്‍ക്യാമറയും 5 എംപി മുന്‍ ക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്. അഞ്ച് ഇഞ്ച് വലുപ്പമുളള എച്ച്ഡി സ്ക്രീനാണ് ഫോണിനുളളത്. മുഖം തിരിച്ചറിഞ്ഞ് സെല്‍ഫി എടുക്കാന്‍ കഴിയുന്ന സെല്‍ഫി അസിസ്റ്റും ഫോമിലുണ്ട്. എല്‍ഇഡി നോട്ടിഫിക്കേഷന്‍ റിംഗില്‍ ഇഷ്ടമുളള നിറം നല്‍കുന്ന പരിഷ്കരിച്ച നോട്ടിഫിക്കേഷന്‍ സംവിധാനവും പ്രത്യേകതയാണ്.
കോണ്ടാക്ടുകളും ആപ്ലിക്കേഷനുകളും വ്യത്യസ്ത നിറത്തിലാക്കിയാല്‍ നിറം കണ്ട് സന്ദേശങ്ങള്‍ പ്രാധാന്യം അനുസരിച്ച് തിരിച്ചറിയാന്‍ സാധിക്കും. എല്ലാ പ്രവര്‍ത്തനങ്ങളും താമസം ഇല്ലാതെ ലഭിക്കാനായി ജെ2 പ്രോയില്‍ ടര്‍ബോ സ്പീഡ് ടോക്നോളജി യും അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ 185 ഡോളറിനാണ് ഫോണ്‍ അവതരിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി എക്സ്ചേഞ്ച് ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്.