ഏറെ ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ശേഷം സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. കഴിഞ്ഞ വർഷം നേരിട്ട വൻ തിരിച്ചടികൾക്കു ശേഷം വൻ പ്രതീക്ഷയോടെയാണ് ഗ്യാലക്സി എസ് 8, എസ്8 പ്ലസ് ഡിവൈസുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ഗ്ലാസി ഫിനിഷും വളഞ്ഞ അറ്റവുമൊക്കെ മികച്ച സ്റ്റൈലാണ് എസ് 8 പ്ലസിന് നല്‍കുന്നത്. കൈയില്‍ പൂര്‍ണമായും ഒതുങ്ങുന്ന രീതിയിലാണ് ഇതിന്റെ ഒതുക്കം.

12 മെഗാപിക്‌സല്‍ ‘ഡ്യുവല്‍ പി’ ആണ് ഹാൻഡ്സെറ്റിലെ പിൻക്യാമറ. മികച്ച ക്വാളിറ്റി ചിത്രങ്ങളാണ് എസ്8 പ്ലസ് ക്യാമറ പകര്‍ത്തുന്നത്. എട്ടു മെഗാപിക്‌സൽ മികവാണ് സെൽഫി ക്യാമറയ്ക്ക്. സ്‌നാപ്ഡ്രാഗണ്‍ 835 എസ്ഒസി ചിപ്പാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്രോസസർ 1.9 ഗിഗാഹെര്‍ട്‌സ് ഒക്ടാകോറും റാം 4 ജിബിയുമാണ്. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഡിവൈസില്‍ എസ്ഡി കാർഡിട്ട് 256 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം.

എസ്8 പ്ലസിൽ 6.2 ഇഞ്ച് സ്ക്രീനാണ്. നേരത്തെ പുറത്തിറങ്ങിയ ഹാൻഡ്സെറ്റുകളിൽ വ്യത്യസ്തമായി അവതരിപ്പിച്ച ഹാൻ‍ഡ്സെറ്റിലെ ഡിസ്‌പ്ലേയ്ക്ക് ‘ഇന്‍ഫിനിറ്റ് ഡിസ്‌പ്ലേ’ എന്നാണ് വിളിക്കുന്നത്. മറ്റു ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ പോലെ ഹാൻഡ്സെറ്റ് ഡിസ്പ്ലെയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണമുണ്ട്.

ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ന്യുഗട്ടിലെ ഫീച്ചറുകളും ആസ്വദിക്കാം. ഗ്യാലക്സി എസ്8 പ്ലസിന് 3500 എംഎഎച്ച് ബാറ്ററി ലൈഫാണ് ലഭിക്കുക. പ്രധാന കണക്റ്റിവിറ്റി സർവീസുകൾക്കൊപ്പം ഐറിസ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫെയ്‌സ് ഡിറ്റക്ഷൻ തുടങ്ങി ഫീച്ചറുകളുമുണ്ട്.

ഒരു പേഴ്സണല്‍ സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്ന ബിക്സ്ബിയും ഫോണിന്റെ പ്രത്യേകതയാണ്. സിരി, കോര്‍ട്ടാന എന്നിവ പോലെ ഒരു പേഴ്‌സണൽ സെക്രട്ടറിയായി സിരി നമ്മുടെ ഉള്ളംകൈയ്യിൽ കിടന്ന് കാര്യങ്ങൾ നിർവ്വഹിച്ചു തരും. നിരവധി സവിശേഷതകളുള്ള എസ് 8 പ്ലസിന് ബാറ്ററി ചാര്‍ജ് പൂര്‍ത്തിയാവാന്‍ കുറച്ചധികം സമയം എടുക്കുന്നു എന്നതാണ് പ്രാഥമികമായി കാണാന്‍ കഴിയുന്ന ചെറിയൊരു പോരായ്മ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ