സാംസങ് എസ് സീരീസിൽ പരിഷ്കരിച്ച നാല് ഫോണുകൾ വിപണിയിലേക്ക്. എസ്10, എസ്10+ എന്നീ പരിഷ്കരിച്ച പതിപ്പുകൾക്കൊപ്പം വലിയ സ്ക്രീനും, ബാറ്ററിയും മികച്ച ക്യാമറയും ഉളള എസ് 10 5ജി വേർഷനും പുറത്തിറക്കി. ആപ്പിൾ ഐഫോൺ എക്സ്ആറിൽ ഉപയോഗിച്ച സ്ട്രാറ്റജിക്ക് സമാനമായാണ് എസ് സീരിസിന്റെ സ്പെസിഫിക്കേഷൻസ് നേർപ്പിച്ച് എസ്10 5ജി പുറത്തിറക്കിയിരിക്കുന്നത്.

ഭൂരിഭാഗം മാർക്കറ്റുകളിലും എസ്10 5ജിക്ക് വലിയ പ്രസക്തിയുണ്ടാവില്ല. എന്നാൽ എസ്10, എസ്10+ എന്നിവയ്ക്ക് ഒപ്പം ഇക്കുറി വിപണിയിൽ എസ്10ഇയും ഉപഭോക്താക്കൾക്ക് വേണ്ടി എത്തിച്ചിട്ടുണ്ട്. എസ്10, എസ്10+ എന്നിവയിലെ സ്പെസിഫിക്കേഷനുകളിൽ ഒട്ടനേകം സാമ്യതകളുണ്ട്. വ്യത്യസ്ത വലിപ്പമാണെങ്കിലും രണ്ടിലും ഒരേ പ്രൊസസറും, ക്വാഡ് എച്ച്‌ഡി+ കർവ്ഡ് ഡൈനാമിക് അമോൾഡ് ഡിസ്‌പ്ലേയുമാണ് ഉളളത്. എച്ച്ഡിആർ10+ ശേഷിയുളള ഡിസ്‌പ്ലേ 42ശതമാനം നീലരശ്മികളെ തടഞ്ഞുനിർത്തും. 1200 നൈറ്റ്സ് ബ്രൈറ്റ്‌നെസുളള ഡിസ്‌പ്ലേ നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ കൂടുതൽ കൃത്യത പാലിക്കും.

ട്രിപ്പിൾ റിയർ ക്യാമറയാണ് ഉപഭോക്താക്കളെ ആകർഷിക്കാനുളള പ്രധാന സവിശേഷതയായി ഉൾപ്പെടുത്തിയിരിക്കുന്നത്. വൈഡ്, ടെലിഫോട്ടോ ക്യാമറകൾക്ക് 12 എംപി, 16 എംപി എന്നിങ്ങനെയാണ് ശേഷി. ടെലിഫോട്ടോ ലെൻസ് 45 ഡിഗ്രി ആംഗിളിൽ ചിത്രം പകർത്തുമ്പോൾ വൈഡ് ക്യാമറയിൽ ഇത് 77 ഡിഗ്രിയാണ്. അൾട്രാ വൈഡ് ക്യാമറയുടെ ലെൻസ് 123 ഡിഗ്രിയിൽ ദൃശ്യം പകർത്തും.

എന്നാൽ 6.4 ഇഞ്ച് വലിപ്പമുളള എസ്10+ ന് എട്ട് മെഗാപിക്സൽ വൈഡ് ആംഗിൾ ഫ്രണ്ട് ക്യാമറയുണ്ട്. 4100 എംഎഎച്ച് ബാറ്ററിയും 12 ജിബി റാം ഓപ്ഷനും ഫോണിലുണ്ട്. എസ്10 ന് 10എംപി സെൽഫി ക്യാമറയും 3400എംഎഎച്ച് ബാറ്ററിയുമാണ് ഉളളത്. അതിനാൽ തന്നെ പ്രായോഗികമായി എല്ലാ ആവശ്യങ്ങളും പരിഗണിക്കുമ്പോൾ എസ്10+ ആണ് സുപീരിയർ. അതിന് വില കൂടുതലുമാണ്.

എസ്10 ന്റെ മൂല്യം നൽകാൻ സാധിക്കാത്തവർക്ക് ഏറ്റവും അനുയോജ്യമായ ഫോണായിരിക്കും എസ്10ഇ. 5.8 ഇഞ്ച് ഡിസ്‌പ്ലേയുളള ഫോൺ എസ് 10 നെക്കാൾ ചെറുതാണ്. ഫുൾ എച്ച്ഡി ഫ്ലാറ്റ് ഡൈനാമിക് അമോൾഡ് ഡിസ്‌പ്ലേയാണ് ഇതിന്. മറ്റ് രണ്ട് ഫോണുകൾക്കും സമാനമായി പുറക് വശത്ത് ഡ്യുവൽ ക്യാമറയാണ് ഈ ഫോണിനുളളത്. എന്നാൽ ടെലിഫോട്ടോ ക്യാമറ ഇല്ല. 6 ജിബി, 8 ജിബി ഓപ്ഷനുകളിൽ ലഭിക്കുന്ന എസ്10ഇ ഫോണിന് 3100 എംഎഎച്ച് ബാറ്ററിയാണ് ഉളളത്.

സ്ക്രീനുകളിൽ തന്നെ ലെൻസുകൾ എംബെഡ് ചെയ്ത് ഇൻഫിനിറ്റി-O ഡിസ്‌പ്ലേ ക്യാമറയാണ് സാംസങ് അവതരിപ്പിക്കുന്നത്. എസ്10+ ന് രണ്ട് ലെൻസുകളും മറ്റുളളവയ്ക്ക് ഓരോ ലെൻസുകളുമാണ് ഉളളത്. അൾട്രാസോണിക് ഫിങ്കർപ്രിന്റ് സ്കാനറുകൾ ഫോണിൽ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഫോണുകളിലും ഒക്ടാ-കോർ എക്സൈനോസ് പ്രൊസസറാണ്.

എസ്10 ന്റെ മറ്റൊരു പ്രധാന സവിശേഷത ഷെയർചാർജാണ്. ഗ്യാഗാലക്സി ബഡ്സ് ഇയർഫോൺസ് പോലുളളവ എസ്10 ന്റെ പുറക് വശത്ത് വച്ചാൽ ചാർജ് ചെയ്യാൻ സാധിക്കും. ഫാസ്റ്റ് ചാർജിങ് 2.0 യാണ് മറ്റൊന്ന്. IP68 റേറ്റിങ്ങുളള ഫോണിലെ ഗിഗാബൈറ്റ് എൽടിഇ 2.0 ജിബിപിഎസ് സംവിധാനം യാന്ത്രികമായി തന്നെ വൈഫൈ ലഭിക്കുന്ന ഇടങ്ങളിൽ അങ്ങോട്ടേക്ക് മാറാനും മൊബൈൽ ഡാറ്റ സേവ് ചെയ്യാനും സഹായിക്കും. ഡോൾബി-അറ്റ്മോസ് എനേബിൾ ചെയ്തിരിക്കുന്ന ഫോണിൽ വേപർ ചേംബർ കൂളിങ്ങാണ് ഉളളത്.

എസ്10 ന്റെ 5ജി വേർഷന് 6.7 ഇഞ്ച് സ്ക്രീനാണ് ഉളളത്. ഗാലക്സി ഡിവൈസിൽ എക്കാലത്തെയും വലിപ്പമേറിയതാണിത്. 4500 എംഎഎച്ച് ബാറ്ററിയും പുറകുവശത്ത് ട്രിപ്പിൾ ക്യാമറയുമാണ് ഉളളത്. ഫോണിലെ ത്രീഡി സെൻസർ വീഡിയോകൾക്ക് ഒരു ബൂക്കി ഇഫക്ട് നൽകുന്നവയാണ്. എന്നാൽ 5ജി ഫോണുകൾ ലഭ്യമായ മാർക്കറ്റുകളിലേ ഇത് ലഭ്യമാകൂ.

സാംസങ് ഗാലക്സി എസ്10, ഗാലക്സി എസ്10+, ഗാലക്സി എസ്10ഇ എന്നിവയുടെ പ്രീ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 8 മുതൽ ഓൺലൈനായും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോണുകൾ ലഭിക്കും. എസ്10 ന് 899.99 ഡോളറും, ഗാലക്സി എസ്10+ ന് 999.99 ഡോളറും എസ്10ഇയ്ക്ക് 749.99 ഡോളറും ആണ് വില. ഇന്ത്യയിലെ വില നാളെ (ഫെബ്രുവരി22) പ്രഖ്യാപിക്കും.

Disclaimer: എഴുത്തുകാരൻ സാംസങ്ങിന്റെ ക്ഷണപ്രകാരമാണ് സാൻഫ്രാൻസിസ്കോയിൽ പോയത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook