ന്യൂഡല്‍ഹി: സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ ഗാലക്സി നോട്ട് 8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്യൂവല്‍ റിയര്‍ ക്യാമറ സംവിധാനമുളള സാംസങ്ങിന്റെ ആദ്യ മോഡലാണ് ഗാലക്സി നോട്ട് 8.

ഗാലക്സി എസ്8നും എസ് 8 പ്ലസിനും സമാനമായ ഇന്‍ഫിനിറ്റി ഡിസ്‍പ്ലെയാണ് ഫോണിന്. 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുളളത്. 67,900 രൂപയാണ് ഫോണിന് ഇന്ത്യന്‍ വിപണി വില. ക്ലാസിക് മിഡ്നൈറ്റ് ബ്ലാക്ക്, മെറ്റല്‍ ഗ്രേ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ആമസോണിലും സാംസങ്ങിന്റെ അംഗീകൃത ഷോപ്പുകളിലും ഫോണ്‍ ലഭ്യമാകും.

മുന്‍കൂട്ടി ഫോണിന് ബുക്ക് ചെയ്യുന്നവര്‍ക്ക് വയര്‍ലെസ് ചാര്‍ജറും ഒറ്റത്തവണ സ്ക്രീന്‍ മാറ്റാനുളള വാറന്റിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് 4,000 രൂപ കാഷ്ബാക്ക് ഓഫറും ലഭ്യമാകും. ഫോണ്‍ വാങ്ങുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് 448 ജിബി ഇന്റര്‍നെറ്റ് സേവനവും സൗജന്യമായി നല്‍കും.

6.3 ഇഞ്ച് ക്വാഡ് എച്ച് ഡി സൂപ്പര്‍ ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയുള്ള വലിയ സ്‌ക്രീനാണ് നോട്ട് 8ന്. 1440* 2960 പിക്‌സല്‍ മികച്ച ക്‌ളാരിറ്റി നല്‍കും. 6 ജിബി റാമിനൊപ്പം ഒക്റ്റാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സര്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കും. ഡൗണ്‍ലോഡിങ് വളരെ അനായാസം നടത്താം. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് പ്രവര്‍ത്തനം.

പിന്‍ ക്യാമറയില്‍ 12 എംപിയുടെ രണ്ട് സെന്‍സറുകളുണ്ട്. ഒന്ന് വൈഡ് ആംഗിള്‍ ലെന്‍സും രണ്ടാമത്തേത് ടെലി ലെന്‍സുമാണ്. ഇത് നല്ല ചിത്രമെടുക്കാന്‍ സഹായിക്കും. മുന്നില്‍ 8 എംപി ക്യാമറയാണ്. സെല്‍ഫി എക്‌സ്‌പെര്‍ട്ടാകാന്‍ ഇത് ധാരാളം. 3300 എംഎഎച്ചാണ് ബാറ്ററി. വയര്‍ലെസ്ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയായതിനാല്‍ പവര്‍ സപ്ലൈ അടുത്തുകൂടി പോയാലും എത് നേരവും ചാര്‍ജ് ചെയ്യാം.

എസ് പെന്‍ എന്ന ഫീച്ചര്‍ നോട്ട് 8 നെ വ്യത്യസ്തമാക്കുന്നു. സ്വന്തം കൈപ്പടയില്‍ മെസേജ് അയയ്ക്കാനും ചിത്രം വരയ്ക്കാനും ഇത് സഹായിക്കും. ഇതിനെല്ലാമുപരി വെള്ളത്തേയും പൊടിയേയും പേടിയില്ലാത്തതാണ് നോട്ട് 8.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ