സാംസങിന്റെ ഗാലക്‌സി എം 12 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഉടൻ വിപണിയിലെത്തിയേക്കും. സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ ഒരു സപ്പോർട്ട് പേജിൽ SM-F127G / DS എന്ന മോഡൽ നമ്പറുള്ള സ്മാർട്ട്‌ഫോൺ കാണിക്കുന്നുണ്ട്. ഇത് എം12 ഫോണിന്റെ മോഡൽ നമ്പറാണെന്ന് വിശ്വസിക്കപ്പെടുന്നു.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്), തായ്‌ലാൻഡിന്റെ എൻബിടിസി, ബ്ലൂടൂത്ത് എസ്‌ഐജി, വൈ-ഫൈ അലയൻസ്, യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ (എഫ്‌സിസി), ഗീക്ക്ബെഞ്ച് എന്നിവ എം 12 ഉടൻ വിപണിയിലെത്തുമെന്ന് ഇതിനകം സൂചന നൽകിയിട്ടുണ്ട്. ഫോൺ ഇതിനകം രാജ്യത്ത് വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചതായി റിപ്പോർട്ടുമുണ്ട്. 3 ജിബി റാം എക്‌സിനോസ് 850 പ്രോസസർ എന്നിവയുള്ള ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സാംസങ് വൺ യുഐയിൽ പ്രവർത്തിക്കുമെന്ന് ഗീക്ക്ബെഞ്ച് പറയുന്നു.
അതേസമയം ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ എം 12 മോഡൽ ഇന്ത്യയിൽ ഗാലക്‌സി എഫ് സീരീസിലെ രണ്ടാമത്തെ ഫോണായി സാംസങ് ഗാലക്‌സി എഫ് 12 എന്ന പേരിൽ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സാംസങ് ഗാലക്‌സി എം 51 ന്റെ വിജയത്തിനുശേഷം, എം 12 മോഡലിലും 7,000 എംഎഎച്ച് ബാറ്ററിയാവും ഉൾപ്പെടുത്തുക. ഫാസ്റ്റ് ചാർജിങ്ങ് പിന്തുണയും ഫോണിനുണ്ടാവും.
ഇറങ്ങാനിരിക്കുന്ന ഈ ഫോണിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, ഓൺലീക്സ് പങ്കിട്ട ചിത്രങ്ങൾ അനുസരിച്ച്, ഫോണിന് വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേ, പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ, 1 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്.
ഫോണിന്റെ പ്രതീക്ഷിക്കുന്ന വിലയെക്കുറിച്ചും വിവരങ്ങളൊന്നുമില്ല. സവിശേഷതകളനുസരിച്ച്, ഫോൺ ബജറ്റ് മിഡ് റേഞ്ച് സെഗ്‌മെന്റിലായിരിക്കാം. മാത്രമല്ല റിയൽമീ നാർസോ, റെഡ്മി നോട്ട് സീരീസ് എന്നിവയുടെ പ്രൈസ് റേഞ്ചിലേക്കാവും ഈ ഫോൺ വിപണിയിലെത്തുകയെന്നും കരുതപ്പെടുന്നു.