സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണുകളായ സാംസങ് ഗാലക്സി എഫ് 02എസ്, ഗാലക്സി എഫ് 12 എന്നിവ ഏപ്രിൽ 5 മുതൽ ഇന്ത്യയിൽ ലഭ്യമാകും. ഫ്ലിപ്കാർട്ടിലൂടെയാണ് ഫോൺ ലഭ്യമാകുക. അഞ്ചിന് ഉച്ചയ്ക്ക് 12നാണ് ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളോടൊപ്പം ഫോണിന്റെ ഡിസൈനും മറ്റു ചില സവിശേഷതകളും ഫ്ലിപ്കാർട്ടിലൂടെ പുറത്തു വന്നിട്ടുണ്ട്.
സാംസങ് ഗാലക്സി എഫ് 02എസ് , ഗാലക്സി എഫ് 12 എന്നീ രണ്ട് ഫോണുകളിലും പുറകിലായി രണ്ടിൽ കൂടുതൽ ക്യാമറകൾ നൽകിയിട്ടുണ്ട്. വാട്ടർ ഡ്രോപ്പ് നോച്ച് സ്റ്റൈൽ ഡിസ്പ്ലേയാണ് രണ്ട് ഫോണുകളിലും നൽകിയിരിക്കുന്നത്. ഫ്ലിപ്കാർട്ട് വഴി വാങ്ങാവുന്ന രണ്ട് ഫോണുകളുടെയൂം കൂടുതൽ സവിശേഷതകൾ അറിയാം.
സാംസങ് ഗാലക്സി എഫ് 02 സ്പെസിഫിക്കേഷൻസ്
ഫ്ലിപ്കാർട്ടിൽ നൽകിയിരിക്കുന്നത് പ്രകാരം, സാംസങ് ഗാലക്സി എഫ് 02 എച്ച്ഡി പ്ലസ് റെസല്യൂഷനുള്ള 6.5 ഇഞ്ച് ഇൻഫിനിറ്റി- വി ഡിസ്പ്ലേയുമായാണ് എത്തുക. 1.8 ജിഗാ ഹെർട്സ് സ്പീഡുള്ള ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രൊസസ്സറാണ് ഇതിൽ നൽകിയിരിക്കുന്നത്. ഫോണിന്റെ പുറകിലായി 13 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് നൽകിയിരിക്കുന്നത്. ബാക്കി ക്യാമറ സെൻസറുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
5,000 എംഎഎച്ച് ബാറ്ററിയുമായാണ് ഗാലക്സി എഫ് 02എസ് എത്തുന്നത്. ഒറ്റ ഫുൾ ചാർജിൽ ഒരു ദിവസം പൂർണമായി ബാറ്ററി ലൈഫ് ഇതിൽ ലഭിക്കും. ജനുവരിയിൽ പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എം02 ന്റെ മെച്ചപ്പെടുത്തിയ വെർഷനാണെന്ന പ്രതീതി ഇതിന്റെ ഫീച്ചറുകൾ നൽകുന്നുണ്ട്. ഏകദേശം 8,999 രൂപയ്ക്കാവും ഇത് വിൽപനക്കെത്തുക എന്നാണ് കരുതുന്നത്.
Read Also: സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം
സാംസങ് ഗാലക്സി എഫ് 12 സ്പെസിഫിക്കേഷൻസ്
ഫ്ലിപ്കാർട്ടിൽ നൽകിയിരിക്കുന്നത് പ്രകാരം സാംസങ് ഗാലക്സി എഫ്12 വും എച്ച്ഡി പ്ലസ് റെസല്യൂഷനുള്ള 6.5 ഇഞ്ച് ഇൻഫിനിറ്റി- വി ഡിസ്പ്ലേയുമായാണ് എത്തുക. പക്ഷെ 90 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്ന ഡിസ്പ്ലേയാകും ഗാലക്സി എഫ്12 ന്റേത്. ഇതിൽ 48 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറയാണ് വരുന്നത്. യുഎസ്ബി ടൈപ്പ് സി പോർട്ടും 3.5 ഓഡിയോ ജാക്കും ഇതിൽ നൽകിയിട്ടുണ്ട്. സാംസങ് എക്സിനോസ് 850 പ്രൊസസ്സറാണ് ഗാലക്സി എഫ് 12 ൽ നൽകിയിരിക്കുന്നത്. 6000 എംഎഎച്ചിന്റെ കരുത്തൻ ബാറ്ററിയും ഇതിൽ നൽകിയിരിക്കുന്നു. ഗാലക്സി എം12 ന്റെ പുതുക്കിയ വെർഷൻ എന്ന പോലെ സമാനമാണ് എഫ് 12 ന്റെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫീച്ചറുകൾ.