സെമരാംഗ്: പോക്കറ്റിലിരുന്ന സാംസങ് ഡ്യുവോസ് ഫോൺ തീപിടിച്ച് പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിൽ സെപ്റ്റംബർ 30 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാാധ്യമങ്ങളിൽ വൈറലാവുകയാണ്. പക്ഷെ ഫോണിൽ ഉപയോഗിച്ചത് അംഗീകൃത ബാറ്ററിയല്ലാതിരുന്നതാണ് സ്ഫോടന കാര്യമെന്ന് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് വ്യക്തമാക്കി.

ഇന്തോനേഷ്യയിലെ സെമരാംഗ് നഗരത്തിൽ ഹോട്ടൽ സിപുത്രയിലാണ് അപകടം നടന്നത്. യുലിയാന്തോ എന്ന ഇവിടുത്തെ ജീവനക്കാരന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.

“പെട്ടെന്നാണ് ഫോൺ അതിയായി ചൂട് പിടിച്ചത് പോലെ എനിക്കനുഭവപ്പെട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ തിരിച്ചറിയും മുൻപ് തന്നെ തീയാളി. ഏറ്റവും വേഗത്തിൽ ഷർട്ട് അഴിച്ച് പരുക്കേൽക്കാതെ രക്ഷപ്പെടാനായിരുന്നു എന്റെ ശ്രമം”, ഡെയ്‌ലി മെയിലിന് നൽകിയ വിശദീകരണത്തിൽ യുലിയാന്തോ പറഞ്ഞു.

അതേസമയം, ഫോൺ സാംസങ് ഡ്യുവോസ് തന്നെയാണെന്ന് സ്ഥിരീകരിച്ചത് സാംസങ് തന്നെയാണ്. അംഗീകൃത ബാറ്ററികളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഫോണിനൊപ്പം ഉപയോഗിക്കാവൂ എന്ന് സാംസങ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ നിർദ്ദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook