പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ് 2018ൽ പുറത്തിറക്കിയ ഫോണാണ് സാംസങ് ഗ്യാലക്സി എ 9. തുടക്കത്തിൽ 36,990 രൂപയ്ക്കായിരുന്നു ഫോണിന്റെ വിൽപ്പന. എന്നാൽ ഇന്ത്യയിൽ കമ്പനി ഫോൺ അവതരിപ്പിച്ചപ്പോൾ വിലയിൽ 3000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് 33,990 രുപയ്ക്ക് വിൽപ്പന നടത്തിക്കൊണ്ടിരുന്ന ഫോണിന് ഇപ്പോൾ വീണ്ടും വില കുറച്ചിരിക്കുകയാണ് സാംസങ്.

വീണ്ടും 3000 രൂപയാണ് കമ്പനി സാംസങ് ഗ്യാലക്സി എ 9ന്റെ വിലയിൽ നിന്നും കുറച്ചിരിക്കുന്നത്. 6 ജിബി റാമുള്ള സാംസങ് ഗ്യാലക്സി എ 9ന് 30,990 രുപയും, 8 ജിബി റാമിലെത്തുന്ന ഫോണിന് 33,990 രുപയുമാണ് പുതുക്കിയ വില. സാംസങ് ഓൺലൈൻ സ്റ്റോറുകളിൽ ഇതിനോടകം തന്നെ ഫോണിന് പുതുക്കിയ നിരക്കാണ് ഈടാക്കുന്നത്.

നാല് പിൻക്യാമറകൾ ഉൾപ്പെടുത്തി സാംസങ് പുറത്തിറക്കിയ ആദ്യ ഫോണാണ് ഗ്യാലക്സി എ 9. സ്റ്റാൻഡേർഡ് സെൻസറിന് പുറമെ വൈഡ് ആംഗിൾ സെൻസർ, ടെലിഫോട്ടോ സെൻസർ, ഡെപ്ത് സെൻസർ എന്നിവയും ഫോണിന്റെ ഭാഗമാണ്. 3800 എംഎഎച്ചിന്റെ ഇൻബിൾഡ് ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് നാനോ സിമ്മുകള്‍ ഉപയോഗിക്കാവുന്ന ഫോണില്‍ 8.0 ഒറിയോ ആന്‍ഡ്രോയിഡ് പതിപ്പാണ് ഉള്ളത്. 6.3 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്‌പ്ലേ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 660 എസ്.ഒ.സി പ്രോസസ്സര്‍, 6 ജിബി, 8 ജിബി റാം എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook