ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഗ്യാലക്സി എ8 സ്റ്റാറുമായി വിപണി കീഴടക്കാൻ സാംസങ് എത്തി. കഴിഞ്ഞ ജനുവരിയിൽ സാംസങ് വിപണിയിലെത്തിച്ച ഗ്യാലക്സി എ8 ന്റെ അപ്ഡേറ്റ് ചെയ്ത മോഡലാണ് ഗ്യാലക്സി എ8 സ്റ്റാർ. 34,990 രൂപ മുതലാണ് ഗ്യാലക്സി എ8 സ്റ്റാറിന്റെ വില ആരംഭിക്കുന്നത്.

6.3 ഇഞ്ച് ഫുൾ എച്ച്ഡി -സൂപ്പർ അമോൾഡ് (AMOLED) ഇൻഫിനിറ്റി ഡിസ്‌പ്ലേയും ഡ്യുവൽ റിയർ ക്യാമറകളുമാണ് എ8 സ്റ്റാറിന്റെ പ്രത്യേകത. വീഡിയോ കാണാനും മറ്റുമായി മികച്ച ഡിസ്‌പ്ലേ റേഷ്യോയും (18.5:9) എ8 സ്റ്റാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വശങ്ങളിൽ മെറ്റൽ ബോഡിയും 2.5 ഡിയിലും 3 ഡിയിലുമുള്ള കർവ്ഡ് ഗ്ലാസ്സ് ബോഡിയുമാണ് എ8 സ്റ്റാറിനുള്ളത്. 16 എം.പി, 24 എംപി സെൻസറുകളുടെ കോമ്പിനേഷനാണ് ഈ ഫോണിനെ ‘ഡ്യുവൽ ഇന്റലിക്യാം’ ആക്കി മാറ്റുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോ ക്വാളിറ്റി ഉറപ്പുവരുത്താവുന്ന f/1.7 അപേർച്ചറുകളോട് കൂടിയ ക്യാമറ സെൻസറുകളാണ് ഇരുക്യാമറകളിലും നൽകിയിരിക്കുന്നത്. 24 എംപിയാണ് മുൻവശത്തെ ക്യാമറ. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും  മികച്ച ഫോട്ടോകൾ സമ്മാനിക്കാനുള്ള കഴിവുണ്ട് ഫോണിനെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബൊകേ ഇഫക്റ്റോടു കൂടിയ ലൈവ് ഫോക്കസ് ഫീച്ചറും ഷാർപ്പ് ഫോക്കസ് നൽകുന്നതിനൊപ്പം വേണമെങ്കിൽ ബാക്ക്ഗ്രൗണ്ട് ബ്ളർ ആക്കാനുള്ള സംവിധാനവും എ8 സ്റ്റാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

3,700 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. ഫോണിന്റെ മുകൾഭാഗത്തായി ഒരു സി ടൈപ്പ് യുഎസ്ബി ചാർജിങ്ങ് പോർട്ടും നൽകിയിട്ടുണ്ട്. ആകര്‍ഷകമായ ഡിസൈനില്‍ വിപണിയിലേക്കെത്തുന്ന ഈ ഫോണില്‍ ആറ് ജിബി റാമും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 400 ജിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമാണുള്ളത്.

എപ്പോഴും ഓണായിരിക്കുന്ന ഡിസ്‌പ്ലേ, ഡ്യുവൽ മെസഞ്ചർ ഫീച്ചർ, ഫേസ് റെക്കഗ്നേഷൻ ഫീച്ചർ, ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ബിക്സ്ബി വോയിസ് അസിസ്റ്റന്റ്, സാംസങ് പേ തുടങ്ങിയ സംവിധാനങ്ങളേയും ഗ്യാലക്സി എ8 സ്റ്റാർ സപ്പോർട്ട് ചെയ്യുന്നുണ്ട്.

സാംസങ് ഗ്യാലക്സി എ8 സ്റ്റാർ ഫോണുകൾ ആഗസ്ത് 27 മുതൽ ആമസോണിൽ (Amazon.in) ലഭ്യമാകും. സെപ്തംബർ 5 മുതലാവും ഇന്ത്യയിലെ റീട്ടെയിൽ ഷോപ്പുകളിലെത്തുക.

മിഡ്നൈറ്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നീ രണ്ടു കളറുകളിലാണ് നിലവിൽ ഗ്യാലക്സി എ8 സ്റ്റാർ ലഭിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook