സാംസങ് ഗ്യാലക്സി എ70 ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും. കമ്പനിയുടെ ഇന്ത്യൻ വെബ്സൈറ്റിൽ ഫോൺ പ്രദർശിപ്പിച്ചിട്ടുണ്ട്. അതേസമയം, ഫോണിന്റെ വിലയെക്കുറിച്ച് യാതൊരു വിവരവും വ്യക്തമാക്കിയിട്ടില്ല.
ചൈനയിലെ കമ്പനിയുടെ വെബ്സൈറ്റിൽ 2999 യുവാൻ (ഏകദേശം 30,000 രൂപ) ആണ് ഫോണിന് നൽകിയിരിക്കുന്ന വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റിന്റെ വിലയാണിത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള മോഡലിന് 3299 യുവാൻ (ഏകദേശം 34,000 രൂപ) ആണ് വില.
Read: സാംസങ് ഗ്യാലക്സി എ20 ഇന്ത്യയിൽ പുറത്തിറക്കി
ഇന്ത്യയിലും ചൈനയിലേതിനു സമാനമായ വിലയായിരിക്കും ഫോണിനുളളതെന്നാണ് സൂചന. കഴിഞ്ഞ മാർച്ചിലാണ് സാംസങ് ഗ്യാലക്സി എ 70 കമ്പനി പുറത്തിറക്കിയത്. ഏപ്രിൽ 10 ന് നടന്ന എ ഗ്യാലക്സി പരിപാടിയിൽ ഫോണിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.
ഫോൺ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും തീയതി എന്നാണെന്ന് പറഞ്ഞിട്ടില്ല. മിഡ് ബജറ്റ് സമാർട്ഫോണായ ഗ്യാലക്സി എ70 യ്ക്ക് ഇൻഫിനിറ്റി യു നോച്ച് ഡിസ്‌പ്ലേയാണ്. ഓൺ സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, ട്രിപ്പിൾ പിൻ ക്യാമറ. 25 w ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടു കൂടിയ 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.