ഡിസ്‌പ്ലേ മടക്കി വച്ച് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് സാംസങ്. 2018ല്‍ പുത്തന്‍ ഫീച്ചറുകളുമായി ഈ കിടിലന്‍ ഫോണ്‍ എത്തുമെന്നാണ് സിയോളില്‍ കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വിഭാഗം തലവന്‍ ഡോംങ് ജിങ് മാധ്യമങ്ങളോട് പറഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനി, തങ്ങളുടെ ജനപ്രിയ നോട്ട് ബ്രാന്‍ഡിന്റെ കീഴിലായിരിക്കും ഡിസ്‌പ്ലേ മടക്കിവയ്ക്കാവുന്ന ഫോണുമായെത്തുക. എന്നാല്‍ ഇത് വിപണിയിലെത്തിക്കുന്നതിനു മുന്നോടിയായി നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതുണ്ടെന്നും ഡോംങ് ജിങ് പറഞ്ഞു.

ഇത്തരം ഫോണുകളെക്കുറിച്ച് നേരത്തെ മുതല്‍ സൂചനകളുണ്ടായിരുന്നു. 2017ല്‍ ഇവ പുറത്തിറങ്ങുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2018ല്‍ സാംസങ് ഇവയെ വിപണിയിലെത്തിക്കുമെന്നാണ് നിലവിലെ ഔദ്യോഗിക അറിയിപ്പ്.

കഴിഞ്ഞ ദിവസമാണ് സാംസങ് ഇലക്ട്രോണിക്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി നോട്ട് 8 ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ ഐഫോണുകളും കഴിഞ്ഞ ദിവസം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.

സാംസങിനെ കൂടാതെ ചൈനീസ് കമ്പനിയായ ലെനോവയും ഇരട്ട ഡിസ്‌പ്ലേകളുള്ള ഫോഡബിള്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ