ബോളിവുഡിലെ മസിൽ മാൻ സൽമാൻ ഖാൻ ബിസിനസ് രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുന്നു. ബീയിങ് സ്​‌മാർട്ട് എന്നതാണ് സൽമാന്റെ ബ്രാൻഡിന്റെ പേര്. ആൻഡ്രോയ്ഡ് ഫോണുകളാണ് സൽമാന്റെ കമ്പനി വിപണിയിലെത്തിക്കുന്നതെന്ന് ദി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 20,000 രൂപ വിലമതിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളുണ്ടാക്കാൻ ചൈനയിലെ ഒരു പ്രമുഖ കമ്പനിയെ സൽമാൻ ഏൽപ്പിച്ചിട്ടുണ്ടെന്നാണ് ബിസിനസ് രംഗത്ത് നിന്നുളള വാർത്ത. മൊബൈൽ ഫോൺ മേഖലയിൽ നിലവിൽ പ്രമുഖരായ ഷവോമി, ഓപ്പോ, വിവോ എന്നിവയോട് കിടപിടിക്കുന്നതായിരിക്കും സൽമാന്റെ സ്‌മാർട്ഫോൺ.

സാംസങ്ങ്, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച് പരിചയമുളള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു ഓപ്പറേഷൻ മാനേജ്മെന്റ് ടീമിനെ ഉണ്ടാക്കിയെടുക്കാനുളള ശ്രമത്തിലാണ് സൽമാനിപ്പോൾ.

ഓൺലൈനായിട്ടായിരിക്കും ആദ്യ ഘട്ടത്തിൽ ബീയിങ് സ്‌മാർട്ട് ഫോണുകളുടെ വിൽപന നടത്തുക. നിലവിൽ ബീയിങ് ഹ്യൂമൻ എന്ന പേരിൽ ഒരു വസ്ത്രങ്ങൾ വിൽപന നടത്തുന്ന ഒരു സ്ഥാപനം സൽമാനുണ്ട്. ബീയിങ് ഹ്യൂമൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ സേവന സംഘടനയും സൽമാൻ നടത്തുന്നുണ്ട്.

ഇന്ന് ചൈനയ്‌ക്കും അമേരിക്കയ്‌ക്കും ശേഷം ഏറ്റവും വേഗത്തിൽ വളരുന്ന സ്‌മാർട്ഫോൺ കച്ചവട രംഗം ഇന്ത്യയുടേതാണ്. നിലവിൽ മത്സരം കടുത്തിരിക്കുന്ന ഇന്ത്യൻ സ്‌മാർട്ഫോൺ വിപണിയിൽ സൽമാന്റെ ഫോൺ കൂടി എത്തുന്നതോടെ മത്സരം കടുക്കുമെന്നുറപ്പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook