ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായുള്ള സ്റ്റാര്‍ട്ട് അപ്പായ അപ്ഗ്രേഡിന്റെ സഹ സ്ഥാപകന്‍ റോണി സ്ക്രൂവാല ഏഷ്യയില്‍ ആദ്യമായി 100 കോടിയുടെ സ്കോളര്‍ഷിപ് അവതരിപ്പിക്കുന്നു. മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ 400 കോടി വരെ സ്കോളര്‍ഷിപ്പ് തുകയായി ഉയര്‍ത്താനും ലക്ഷ്യമുണ്ട്.

ആദ്യഗഡു എന്ന നിലയില്‍ പത്ത് കോടി രൂപ അദ്ദേഹം നിക്ഷേപിച്ചു. നിക്ഷേപിക്കാന്‍ താത്പര്യമുള്ള മറ്റ് വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോൺസിബിലിറ്റി) വഴിയും ബാക്കി തുക ശേഖരിക്കാനാണ് ആലോചന. സ്ക്രൂവാല തന്നെ സഹ സ്ഥാപകനായ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ അപ്ഗ്രേഡും നിക്ഷേപകരാകും.

ബിരുദാനന്തര പഠനത്തിന് 12.5 കോടി യുവപ്രതിഭകളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. 3 കോടി വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസം പിന്തുടരുകയാണെന്നും ഇതില്‍ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത് എത്രയും പെട്ടെന്ന് ജോലി ലഭിക്കുക എന്നാണെന്നും അതിന് മികച്ച മാര്‍ഗം ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണെന്നും റോണി സ്ക്രൂവാല വ്യക്തമാക്കി.

സ്കോളര്‍ഷിപ്പായി ഇത്രയും തുക ശേഖരിക്കാനുള്ള കാരണവും സ്ക്രൂവാല വ്യക്തമാക്കി. 25,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് സ്കോളര്‍ഷിപ്പായി നല്‍കുക. സ്കോളര്‍ഷിപ്പിന് അര്‍ഹത ഇല്ലാത്തവര്‍ക്കും ലോണായും തുക അനുവദിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ശേഷം ജോലി ലഭിച്ചാല്‍ തുക ഘടുക്കളായി തിരിച്ചടക്കണം.

ഐഡിഎഫ്‌സിയും ലോക സാമ്പത്തിക ഫോറവും പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 ശതമാനം വിദ്യാര്‍ത്ഥികളും ജോലി ലഭിക്കാന്‍ സാധ്യത ഇല്ലാത്തവരുടെ പട്ടികയിലാണ് ഉള്ളത്. 48 ശതമാനം ഇന്ത്യന്‍ തൊഴിലുടമകളും തൊഴിലിന് യോജിച്ചയാളെ നിയമിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
വൈറ്റ് കോളര്‍ ജോലി എന്നതിനേക്കാള്‍ ദേഹാധ്വാനം ഏറെ വേണ്ടി വരുന്ന ബ്ലൂ കോളര്‍ വൈദഗ്ദ്യം കൊണ്ടുവരാനാണ് അപ്ഗ്രേഡ് ശ്രമിക്കുന്നതെന്ന് സ്ക്രൂവാല വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ