കൊച്ചി: യന്ത്രങ്ങൾക്കും നിർമ്മിതബുദ്ധിക്കും മനുഷ്യന് പകരമാകാൻ സാധിക്കുമെന്ന ഭയത്തിന് അടിസ്ഥാനമില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. എല്ലാക്കാലത്തും മാറുന്ന കാലത്തെയും ആ കാലം സൃഷ്ടിക്കുന്ന മാറ്റങ്ങളെയും ഉൾക്കൊളളാനും സ്വാംശീകരിക്കാനും സമൂഹത്തിനും മനുഷ്യനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സർക്കാർ സംഘടിപ്പിച്ച ഗ്ലോബൽ ഡിജിറ്റൽ സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വ്യവസായ വിപ്ലവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും തൊഴിൽ ഉണ്ട്. സമൂഹവും മനുഷ്യനും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ യന്ത്രങ്ങൾക്ക് കഴിയില്ല. അവർ യന്ത്രങ്ങളുൾപ്പടെയുളള മാറ്റങ്ങളെ സ്വാംശീകരിക്കും. സാങ്കേതികവിദ്യ എല്ലാ ജോലികളുടെ കാര്യത്തിലും പുനഃസംഘടന സൃഷ്ിക്കുന്നുണ്ട്. സ്ഥിരമായ ശൈലികളെ മറികടന്ന് സർഗാത്മകമാവും സംക്ഷിപ്തവുമായ നിര്‍മ്മിതബുദ്ധിയും യന്ത്രമനുഷ്യനും ഉടന്‍ തന്നെ മനുഷ്യന്‍റെ ജോലികള്‍ക്ക് പകരമാകുമെന്ന ഭയം നിലനിൽക്കുന്നുണ്ടെങ്കിലും നൈപുണ്യവും സഹാനുഭൂതിയും ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ ഇന്നും മനുഷ്യന്‍റെ ആധിപത്യമാണ് അദ്ദേഹം പറഞ്ഞു. അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. എന്നാല്‍ നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് ജോലി അവസരങ്ങള്‍ വര്‍ധിക്കുകയാണെന്നും നഴ്സിങ് അടക്കമുള്ളവ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കഴിവതും ഇന്ത്യയില്‍ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാല്‍ ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അത് കൂടുതല്‍ കരുത്തു പകരും. നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക അതിജീവിച്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായഫണ്ട് രൂപീകരിക്കണം. രാജ്യത്തെ ഡാറ്റയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ നടത്തി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ സാവകാശത്തിന്‍റെ കുറവുണ്ടെന്ന് രഘുറാം രാജന്‍ പറഞ്ഞു. മാതൃകകള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിനു മുമ്പ് ക്ഷമയോടെ ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോളതലത്തിലുള്ള മത്സരമാണ് ഇന്ത്യയും കേരളവും നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ മത്സരത്തിന് ഇവിടുത്തെ സമൂഹം സജ്ജമാകേണ്ടതുണ്ട്. ഇന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ഇവിടെ കുറവാണ്. രാജ്യത്തെ മികച്ച ബുദ്ധി കേന്ദ്രങ്ങള്‍ ഇന്ന് വിദേശത്താണുള്ളത്. ഇവരെ തിരികെ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സങ്കേതികവിദ്യയും ആത്യന്തികമായി നല്ലതെന്നോ ചീത്തയെന്നോ പറയാനാകില്ലെന്ന് ആധാറിനെ കുറിച്ചുളള ചോദ്യത്തിന് രഘുറാം രാജൻ പറഞ്ഞു. ആധാറിലെ ചില കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കേണ്ടതായുണ്ട്. ആധാറിലെ ചില കാര്യങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി എന്താണ് ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ