മലയാളികളുടെ ‘റിവ്യു’ പൊങ്കാലയ്ക്ക് പിന്നാലെ അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിന്റെ ഫെയ്സ്ബുക്ക് പേജ് റേറ്റിംഗ് കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാധ്യമ പിന്തുണ കൊടുക്കുന്നതിനെതിരെയായിരുന്നു മലയാളികള്‍ പണികൊടുത്തത്.

കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന്റെ റേറ്റിംഗ് നാലിന് മുകളിലാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇത് കുത്തനെ 2.2ലേക്ക് താണതോടെ ചാനല്‍ ഫെയ്സ്ബുക്കില്‍ നിന്നും റിവ്യു ഓപ്ഷന്‍ ഒളിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ചാനലിനെ രക്ഷിക്കാനും ചിലർ രംഗത്തെത്തി. ഇവര്‍ വ്യാപകമായാണ് ചാനലിന് അഞ്ച് റേറ്റിംഗ് നല്‍കിയത്.

Read More : പൊങ്കാലക്കാര്‍ ക്യൂ പാലിക്കുക! ഒളിച്ചുവെച്ച റേറ്റിംഗ് ഓപ്ഷന്‍ റിപബ്ലിക് ചാനല്‍ തിരികെ വെച്ചു

തുടര്‍ന്ന് റേറ്റിംഗ് 2.6ല്‍ എത്തി. എന്നാല്‍ ഇതുകൊണ്ടൊന്നും മലയാളികള്‍ പണി നിര്‍ത്തിയില്ല. ഗൂഗിള്‍ റേറ്റിംഗിലും റിപബ്ലിക്കിന് മലയാളികള്‍ ‘അര്‍ഹിച്ച നിലവാരം’ ഇട്ടുകൊടുത്തു. എന്നാല്‍ ചാനലിന് ഏറ്റവും തിരിച്ചടി കിട്ടുക ഗൂഗിള്‍ പ്ലേസ്റ്റോറിലാണെന്ന് തിരിച്ചറിഞ്ഞാണ് അവിടേയും പണി കൊടുത്തത്.
റേറ്റിംഗും നെഗറ്റീവ് റിവ്യൂവും കൊണ്ട് പ്ലേ സ്റ്റോറില്‍ റിപബ്ലിക് ആപ്പ് തലതാഴ്ത്തി തുടങ്ങിയതോടെ ചാനല്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ് പിന്‍വലിച്ചു. വന്‍ തോതിലാണ് പ്ലേ സ്റ്റോറില്‍ ചാനലിന്റെ ആപ്പിന് മോശം റിവ്യൂകള്‍ കിട്ടിയത്. പിന്നാലെ റേറ്റിംഗ് 1.8ലേക്ക് കൂപ്പുകുത്തി. ഇത് വരുമാനത്തെ ബാധിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് ചാനല്‍ അടവ് മാറ്റി ആപ്പ് തന്നെ പിന്‍വലിച്ചത്.

പ്ലേ സ്റ്റോറില്‍ ആപ്പിന്റെ റേറ്റിംഗ് കുറഞ്ഞാല്‍ ചാനലിന്റെ പരസ്യ വരുമാനത്തെ ഇത് പ്രതികൂലമായിട്ട് ബാധിക്കും. കൂടാതെ റേറ്റിംഗ് കുറവ് ആണെങ്കില്‍ ഡൗണ്‍ലോഡ് കൂടി കുറയുന്നതിലേക്ക് ഇത് നയിക്കും. ഭൂരിഭാഗം പേരും റേറ്റിംഗ് അനുസരിച്ചാണ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നതും ആപ്പ് പിന്‍വലിക്കുന്നതിലേക്ക് ചാനലിനെ നയിച്ചു.

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തെ ദേശീയതലത്തില്‍ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് മലയാളികളെ ചൊടിപ്പിച്ചത്. ഫെയ്സ്ബുക്കില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ ആദ്യം തിരിച്ചടിച്ചത്. നേരത്തേ ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ടു പോവാന്‍ അനുവദിക്കാത്ത തെരുവ് പട്ടികളോട് റിപ്പബ്ലിക്ക് ചാനല്‍ ടീമിനെ ശശി തരൂര്‍ ഉപമിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മുന്‍പ് ‘തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ നിങ്ങള്‍ ബഹുമാനിക്കണം.’ എന്ന് തരൂര്‍ ചാനലിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദത്തിനിടെ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞിരുന്നു.
അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. റേറ്റിംഗിനൊപ്പം ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും ഫെയ്സ്ബുക്ക് പേജിലും പ്ലേ സ്റ്റോറിലും കാണാം.

Read More : ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook